രോഹിത് ശര്‍മയ്ക്ക് വിദേശ മണ്ണില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി; ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടം

Rohit Sharma scores first Test century on foreign soil
 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. മോയിന്‍ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. 204 പന്തുകളില്‍ നിന്നാണ് രോഹിത് 100 തികച്ചത്.

അതേസമയം മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ലീഡ് പിന്നിട്ടു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സും ഇംഗ്ലണ്ട് 290 റണ്‍സും നേടിയിരുന്നു. രണ്ടാം ദിവസത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ട് പേസര്‍മാരെ നേരിട്ട അതേ കരുതലോടെയാണു രാഹുല്‍, രോഹിത് സഖ്യം ഇന്നും ബാറ്റിംഗ് തുടങ്ങിയത്. സ്‌കോര്‍ 83 ല്‍ എത്തിയപ്പോള്‍ രാഹുലിനെ നഷ്ടമായി. 101 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയത് ജെയിംസ് ആന്‍ഡേഴ്‌സനാണ്.

നിലവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇതോടെ ടീമിന് 191 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ്‌ ക്രീസില്‍.