59 റൺസിന് ഓൾ ഔട്ട്, രാജസ്ഥാന് നാണംകെട്ട തോൽവി; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ബാംഗ്ലൂര്‍

google news
Royal Challengers Bangalore thrash RR by 112 runs
 

ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ദയനീയ തോൽവി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 112 റൺസിന് വിജയിച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 10.3 ഓവറിൽ 59 റൺസിന് ഒതുങ്ങി. ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് പിഴുത വെയിന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്രേസ്‍വെല്ലും കരണ്‍ ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നടുവൊടിച്ചത്. രാജസ്ഥാനായി 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയര്‍ മാത്രമാണ് പൊരുതി നോക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനൂജ് റാവത്താണ്(11 പന്തില്‍ 29*) ആര്‍സിബിക്ക് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. വിരാട് കോലി 19 പന്തില്‍ 18 എടുത്ത് മടങ്ങി. 

രാജസ്ഥാന്‍ റോയല്‍സിനായി ആദം സാംപയും കെ എം ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജു സാംസണും അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് മുന്‍നിര ഉത്തരവാദിത്തം കാട്ടാതിരുന്നപ്പോള്‍ ടീം 112 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി നേരിട്ടു. ജയ്‌സ്വാളും ബട്‌ലറും അക്കൗണ്ട് തുറക്കാതെ രണ്ട് വീതം ബോളുകളില്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ് 5 പന്തില്‍ 4 റണ്‍സേ നേടാനായുള്ളൂ. ജോ റൂട്ട് 15 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. 19 പന്തില്‍ 35 റണ്‍സ് നേടിയ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് പൊരുതിയത്. ദേവ്‌ദത്ത് പടിക്കല്‍(4), ധ്രുവ് ജൂരെല്‍(1), രവിചന്ദ്രന്‍ അശ്വിന്‍(0), ആദം സാംപ(2), കെ എം ആസിഫ്(0), സന്ദീപ് ശര്‍മ്മ(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 
ആര്‍സിബിക്കായി വെയ്‌ന്‍ പാര്‍നല്‍ 10 റണ്‍സിന് മൂന്നും മൈക്കല്‍ ബ്രേസ്‌വെല്‍ 16 റണ്ണിനും കരണ്‍ ശര്‍മ്മ 19നും രണ്ട് വീതവും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരാളെ മടക്കി. 
  
തോൽവിയോടെ പ്ലേ ഓഫിലെത്താമെന്ന രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇനി അടുത്ത ഘട്ടത്തിലെത്താൻ മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

Tags