സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം സെമിയിൽ

മഞ്ചേരി: ആവേശപ്പോരാട്ടത്തിൽ കരുത്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.
ക്യാപ്റ്റൻ ജിജോ ജോസഫ് നേടിയ ഇരട്ടഗോളുകളിലാണ് കേരളത്തിന്റെ വിജയം. പഞ്ചാബിനായി മൻവീർ സിങ്ങും ഗോൾ നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം. നാല് മത്സരങ്ങളിൽനിന്ന് ആകെ 10 പോയിന്റ് നേടിയാണ് കേരളം ഗ്രൂപ്പ് ചാംപ്യൻമാരായത്.
മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. നിജോ ഗില്‍ബര്‍ട്ടിന് പകരം സല്‍മാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനില്‍ ഇടംനേടി. പഞ്ചാബ് മൂന്ന് മാറ്റങ്ങളുമായാണ് ഗ്രൗണ്ടിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ പഞ്ചാബ് മൂന്നു മാറ്റങ്ങളും വരുത്തി.