ടി-20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്തി പാകിസ്താന്‍: ഷൊഐബ് മാലിക്ക് ടീമിൽ

Pakistan Squad
 

ടി-20 ലോകകപ്പിനുള്ള ആദ്യം പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്തി പാകിസ്താന്‍. മുതിർന്ന താരം ഷൊഐബ് മാലിക്കിനെ ടീമില്‍ ഉൾപ്പെടുത്തി. പരുക്കേറ്റ് പുറത്തായ ഷൊഹൈബ് മസ്ദൂഖിന് പകരക്കാരനായാണ് മാലിക് ടീമിലെത്തിയത്.

മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പാക്ക് സിലക്ടര്‍മാര്‍ ടീമിലേക്കു തിരിച്ചുവിളിച്ചു. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍നിന്ന് മൂന്നുപേരെ ഒഴിവാക്കിയാണ് മുപ്പത്തിനാലുകാരനായ സര്‍ഫ്രാസ് അഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പുതുതായി ഉള്‍പ്പെടുത്തിയത്.

സർഫറാസിനൊപ്പം ഓപ്പണർ ഫഖർ സമാൻ, ബാറ്റർ ഹൈദർ അലി എന്നിവരാണ് ടീമിൽ ഇടം നേടിയത്. ഫഖർ റിസർവ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന തരമാണ്. പകരം ഓൾറൗണ്ടർ ഖുശ്ദിൽ ഷായെ റിസർവ് ലിസ്റ്റിലേക്ക് മാറ്റി. മുൻ പാക് താരം മോയിൻ ഖാൻ്റെ മകൻ അസം ഖാൻ, പേസ് ബൗളർ മുഹമ്മദ് ഹസ്നൈൻ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. അസം ഖാനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. പാകിസ്താനിലെ ദേശീയ ട്വന്റി20 ടൂര്‍ണമെന്റിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിലും മാറ്റങ്ങള്‍ വരുത്തിയതെന്ന് പാകിസ്താന്‍ ചീഫ് സിലക്ടര്‍ മുഹമ്മദ് വാസിം അറിയിച്ചു.

ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
 
ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താന്‍. ഒക്ടോബര്‍ 24ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.