ടോക്യോ പാരാലിമ്പിക്‌സ്; ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി

dh

ടോക്യോ: പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനോട്  നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 -0) നായിരുന്നു ഭവിനയുടെ തോൽവി.തുടക്കം മുതൽക്ക് തന്നെ ചൈനീസ് താരം ഇന്ത്യൻ താരത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും നേർക്കു നേർ മത്സരിച്ചപ്പോഴും ഭവിന പട്ടേലിന് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.

അരയ്ക്ക് താഴെ തളർന്നവരുടെ വിഭാഗമായ ക്ലാസ് ഫോർ ഇനത്തിലായിരുന്നു ഭവിനയുടെ മത്സരം. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസ് ഫൈനലിൽ പ്രവേശിക്കുന്നത്. ആദ്യമത്സരം പരാജയപ്പെട്ട ശേഷം തുടർച്ചയായ നാല് മത്സരങ്ങൾ ജയിച്ചാണ് 34 കാരിയായ ഭവിന ഫൈനലിൽ എത്തിയത്.34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. ഇത്തവണത്തെ ആദ്യ മെഡൽ കൂടിയാണിത്.