ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോലി

23,000 runs in international cricket- Kohli breaks Tendulkars record
 

മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോലി. ദ​ക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. 

തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു.

തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചു. 

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി.