കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയില്ല; വാർത്തകൾ തള്ളി ബിസിസിഐ

Virat Kohli will remain captain of all formats: BCCI
 

വരുന്ന ടി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്തകൾ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഫോർമാറ്റിലും കോലി തന്നെ ഇന്ത്യൻ നായകനായി തുടരുമെന്ന് അരുൺ ധുമാൽ അറിയിച്ചു.  

ക്യാപ്റ്റൻസി മാറുന്നതിനെപ്പറ്റി ഇതുവരെ തങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. ഇത് മാധ്യമങ്ങൾ മാത്രം പറയുന്ന കാര്യമാണ്. വിരാട് തന്നെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനായി തുടരുമെന്നും അരുൺ ധുമാൽ അറിയിച്ചു.

ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ക്യാപ്റ്റനാക്കിയ താരമാണ് രോഹിത്. കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള രോഹിത് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടിയിട്ടുമുണ്ട്.