വിരമിക്കൽ പിൻവലിക്കുന്നു; വനിതാ ഐപിഎൽ കളിച്ചേക്കുമെന്ന് മിതാലി രാജ്

6
ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചേക്കുമെന്ന സൂചനയുമായി ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ്. ഏതാനും മാസങ്ങൾക്കുള്ളിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നും ടൂർണമെൻ്റിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി രാജ് പറഞ്ഞു. 

“ഞാൻ അതൊരു സാധ്യതയായി നിലനിർത്തുകയാണ്. ഇതുവരെ അതിൽ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎൽ ആരംഭിക്കാൻ ഇനിയും ചില മാസങ്ങൾ കൂടിയുണ്ട്. വനിത ഐപിഎലിൻ്റെ ആദ്യ പതിപ്പിൽ കളിക്കാനാവുക മികച്ച അനുഭവമായിരിക്കും.”- മിതാലി പറഞ്ഞു.

അതേസമയം, പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.