ലോകകപ്പ്:റൊമാനിയയെ വീഴ്ത്തി ജർമ്മനി

germini
 ലോകകപ്പ് യോഗ്യത മത്സരത്തിൽ റൊമാനിയയെ വീഴ്ത്തി ജർമ്മനി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമ്മനിയുടെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജർമ്മനി രണ്ടാം പകുതിയിൽ പിറന്ന ഇരട്ട ഗോളുകളിലാണ് ജയം സ്വന്തമാക്കിയത്. റൊമാനിയക്ക് വേണ്ടി ഇയാനിസ് ഹാഗി ഗോളടിച്ചപ്പോൾ സെർജ് ഗ്നബ്രിയും സൂപ്പർ സബ്ബ് തോമസ് മുള്ളറുമാണ് ജർമ്മനിയുടെ ഗോളുകൾ അടിച്ചത്.

കളിയുടെ തുടക്കത്തിൽ തന്നെ തീമോ വെർണറെ വീഴ്ത്തിയതിന് തുടർന്ന് ക്യാപ്റ്റൻ കിമ്മിഷ് പെനാൽറ്റി എടുക്കാൻ ഒരുങ്ങിയെങ്കിലും ഏറെ നേരം നീണ്ട് നിന്ന വാർ റിവ്യൂവിന് ശേഷം റഫറി പെനാൽറ്റി ഒഴിവാക്കി. വൈകാതെ തന്നെ റൊമാനിയ ഗോളടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 75% ഓളം പൊസഷൻ ജർമ്മനിക്ക് തന്നെയായിരുന്നെങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് ജർമ്മനി കളി തങ്ങളുടേതാക്കിയത്.

ജർമ്മനിക്ക് വേണ്ടി 20ആം ഗോൾ ഗ്നബ്രി അടിച്ചപ്പോൾ 107 മത്സരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിച്ച തോമസ് മുള്ളറുടെ 40ആം ഗോളായിരുന്നു ഇന്നത്തേത്. ഹാൻസി ഫ്ലിക്കിന് കീഴിൽ ജർമ്മനി നാലിൽ നാല് ജയം നേടുകയും 14 ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. ഒരു ഗോൾ മാത്രമാണ് ഫ്ലിക്ക് എറയിൽ ജർമ്മനി വഴങ്ങിയിട്ടുള്ളത്.