പോപ്പുലർ ഗെയിമുകളില്‍ മാല്‍വെയര്‍ കണ്ടെത്തി

game
പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈന്‍ ക്രാഫ്റ്റ് ഉള്‍പ്പടെ 28 ഓളം ഗെയിമുകളില്‍ മാല്‍ വെയര്‍ കണ്ടെത്തി. 2021 ജൂലായ് മുതല്‍ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന മാല്‍വെയര്‍ 3,84,000 ഗെയിമര്‍മാരെ ബാധിച്ചിട്ടുണ്ട്. എല്‍ഡെന്‍ റിങ്, ഹാലോ, റെസിഡന്റ് ഈവിള്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗെയിമുകളിലും സൈബര്‍ കുറ്റവാളികള്‍ 'റെഡ്‌ലൈന്‍' എന്ന മാല്‍ വെയര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് കാസ്പര്‍സ്‌കീ പറയുന്നത്.

പാസ് വേഡുകള്‍ മോഷ്ടിക്കുന്ന മാല്‍ വെയര്‍ ആണ് റെഡ്‌ലൈന്‍.ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അനാവശ്യ പ്രോഗ്രാമുകളും ആഡ് വെയറുകളും ഇന്‍സ്റ്റാള്‍ ആവുന്നതിനൊപ്പം കീബോര്‍ഡില്‍ എന്റര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും സ്‌ക്രീന്‍ഷോട്ട് എടുക്കാനും കഴിവുള്ള ട്രൊജന്‍ സ്‌പൈ സംവിധാനങ്ങളും ഇന്‍സ്റ്റാള്‍ ആവുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഗെയിമിനുള്ളില്‍ ഇന്‍-ഗെയിം സ്‌റ്റോറുകളുടെ മാതൃകയില്‍ വ്യാജ പേജുകളുണ്ടാക്കി ഗെയിമിന് വേണ്ട ആകര്‍ഷകമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കാണിച്ച് ഇരകളെ വീഴ്ത്തുന്നുമുണ്ട്. ഗിഫ്റ്റുകള്‍ ലഭിക്കുന്നതിന് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുിടെ ലോഗിനുകളും ചോദിക്കും. ഇങ്ങനെ അക്കൗണ്ടുകള്‍ കൈക്കലാക്കുന്ന സൈബര്‍ കുറ്റവാളികള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുക, സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളോട് പണം ചോദിക്കുക തുടങ്ങിയ പ്രവൃത്തികളിലും ഏര്‍പ്പെടുന്നുണ്ട്.