നിക്കോൺ ഡി എസ് എൽ ആർ ക്യാമറകളുടെ നി‌ർമാണം നിർത്തുന്നു

google news
6
അറുപത് വർഷത്തോളമായി ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെയും പ്രിയങ്കരനായ നിക്കോൺ ഡി എസ് എൽ ആർ ക്യാമറ നിർമാണം അവസാനിപ്പിക്കുന്നു. മിറർലെസ് ക്യാമറകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിക്കോണിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഡി എസ് എൽ ആർ ക്യാമറകളുടെ നിർമാണം നിർത്തലാക്കുന്നത് സംബന്ധിച്ച് നിക്കോൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിക്കോണിന്റെ ഫ്ളാഗ്ഷിപ്പ് മോഡൽ എന്ന് വിശേഷിപ്പിക്കാവുന്ന നിക്കോൺ ഡി6 രണ്ട് വർഷം മുമ്പാണ് ഇറങ്ങിയത്. 2020 ജൂണിൽ പുറത്തിറങ്ങിയ ഈ മോഡലിന് ശേഷം നിക്കോൺ ഇതുവരെയായും പുതിയ മോഡലുകളൊന്നും പുറത്തിറക്കിയിട്ടില്ല. പുതിയ ഡി എസ് എൽ ആറിന്റെ ലോഞ്ചിംഗ് വാർത്തകളും നിക്കോൺ ഈ കാലയളവിൽ നൽകിയിട്ടില്ല. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നിക്കോൺ ഡി6 ആയിരിക്കും നിക്കോണിന്റെ അവസാനത്തെ ഡി എസ് എൽ ആ‌ർ ക്യാമറ. കോപാക്ട് ക്യാമറകളുടെ നിർമാണം നേരത്തെ തന്നെ നിക്കോൺ അവസാനിപ്പിച്ചിരുന്നു.

മൊബൈൽ ഫോണുകളിൽ നിന്ന് നേരിടുന്ന കനത്ത മത്സരമാണ് നിക്കോണിനെ ഈ കടുത്ത തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് നിഗമനം. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ് ഡി എസ് എൽ ആർ ക്യാമറകൾ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. വിനോദത്തിനും മറ്റുമായി ഫോട്ടോ എടുക്കുന്നവർ ഡി എസ് എൽ ആർ ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരം ക്യാമറകൾക്ക് ആവശ്യക്കാർ കുറഞ്ഞത്. ഫോക്കൽ ലെംഗ്ത്, അപ്പേർച്ചർ എന്നിവ അടക്കം ഡി എസ് എൽ ആർ ക്യാമറകളിൽ ലഭിക്കുന്ന ഒട്ടുമിക്ക ഓപ്ഷനുകളും ഇപ്പോഴത്തെ മൊബൈൽ ഫോൺ ക്യാമറകളിലും ലഭിത്തുന്നത് അമച്ച്വർ ഫോട്ടോഗ്രാഫർമാരെ അങ്ങോട്ട് തിരിയാൻ പ്രേരിപ്പിക്കുന്നു. ഡിജിറ്റൽ ക്യാമറകളുടെ ഏറ്റവും പുതിയ അപ്ഡേഷനായ മിറർലെസ് ക്യാമറകളിലായിരിക്കും നിക്കോണിന്റെ ഇനിമുതലുള്ള ശ്രദ്ധ. നിക്കോൺ ഡി6ന്റെ ഇസഡ് സീരീസ് മുതലുള്ള വേർഷനുകളിൽ മിറർലെസ് ക്യാമറകൾ ലഭ്യമാണ്. നിക്കോൺ ഡി6 ഇസഡ്30 ആണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ. നിലവിലുള്ള എസ്എൽആറുകളുടെയും ഡി എസ് എൽ ആറുകളുടെയും നിര്‍മാണവും വിതരണവും സര്‍വീസും നിക്കോൺ തുടരും.

Tags