ഇന്ത്യയിൽ 100 ആപ്പിൾ സ്റ്റോറുകൾ തുറക്കാൻ ടാറ്റ ഗ്രൂപ്പ്

google news
 Tata Group may soon open small exclusive Apple stores in India
 

മുംബൈ: ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലുമായി ഐഫോൺ നിർമ്മാതാവ് കരാറിലെത്തിയതായാണ് റിപ്പോർട്ട്. എക്ണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്.

500-600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറു സ്റ്റോറുകളായിരിക്കും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആരംഭിക്കുക. ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആണ് ഇന്ത്യയില്‍ ക്രോമ സ്റ്റോറുകള്‍ നടത്തുന്നത്. ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ സ്റ്റോറുകളേക്കാള്‍ ചെറുതായിരിക്കും ഇന്‍ഫിനിറ്റി റീറ്റൈയ്ല്‍ ആരംഭിക്കാനൊരുങ്ങുന്ന സ്റ്റോറുകള്‍.

ആപ്പിള്‍ പ്രീമിയം സ്റ്റോറുകള്‍ സാധാരണഗതിയില്‍ 1,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നവയാണ്. എന്നാല്‍ ഇത്രയും വിപുലമായ ഉല്‍പ്പന്നശ്രേണിയും സൗകര്യങ്ങളും ഇല്ലെങ്കിലും ഈ ചെറിയ സ്റ്റോറുകള്‍ ഐഫോണുകളും ഐപാഡുകളും വാച്ചുകളും വില്‍ക്കും.  
 
നിലവിൽ ഇന്ത്യയിൽ ഏകദേശം 160 ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളുണ്ട്. കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ വമ്പൻ നേട്ടമുണ്ടാക്കിയ കമ്പനി, അവരുടെ സ്മാർട്ട്ഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചനയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ, ഐഫോണുകളുടെ നിർമ്മാണത്തിലേക്ക് ടാറ്റഗ്രൂപ് കടക്കുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ കരാർ വിജയകരമാണെങ്കിൽ, ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റയെ മാറ്റാൻ കഴിയും. നിലവിൽ ചൈനയിലെയും ഇന്ത്യയിലെയും വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് പോലുള്ള തായ്‌വാനീസ് നിർമ്മാണ ഭീമൻമാരാണ് ഇവ നിർമ്മിക്കുന്നത്.
 

Tags