എപ്പോഴും ഓണ്‍ലൈന്‍ ഉണ്ടല്ലോ എന്ന് കേട്ട് മടുത്തോ?; പരിഹാരവുമായി വാട്ട്‌സ്ആപ്പ്

9
സുഹൃത്തുക്കളില്‍ നിന്നും വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയുമെങ്കിലും ഓണ്‍ലൈനുണ്ടെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ നിലവില്‍ വാട്ട്‌സ്ആപ്പില്‍ സൗകര്യമില്ല. എപ്പോഴും ഓണ്‍ലൈനിലാണല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം കേള്‍ക്കാന്‍ ഇത് പലപ്പോഴും ഇടവരുത്താറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് കോണ്‍ടാക്ടിലുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാവുന്ന ഫീച്ചര്‍ ഉള്‍പ്പെടെ പുതിയ അപ്‌ഡേറ്റോടെ വരാനിരിക്കുകയാണ്.

വാട്ട്‌സ്ആപ്പ് 2.22.16.12 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്ന് വാബീറ്റഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്‌സ്ആപ്പിന്റെ ജനറല്‍ സെറ്റിംഗില്‍ പ്രൈവസി എന്ന ഓപ്ഷനുകീഴില്‍ ലാസ്റ്റ് സീനോട് ചേര്‍ന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ പുതിയ അപ്‌ഡേറ്റിലുണ്ടാകും. ഓണ്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ ഹൈഡ് ചെയ്യുന്നതോടെ നിങ്ങളുടെ സുഹൃത്തുക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും നിങ്ങളില്‍ നിന്നും മറയ്ക്കപ്പെടും. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഫീച്ചര്‍ ഒരുമാസം മുന്‍പ് വാട്ട്‌സ്ആപ്പ് ഐഒഎസില്‍ പരീക്ഷിച്ചിരുന്നു.