ശബ്‌ദ സന്ദേശങ്ങൾ സ്‌റ്റാറ്റസ് ആക്കുന്നതിന് പിറകെ പുതിയൊരു പരീക്ഷണവുമായി വാട്‌സാപ്പ്

4
നമ്മൾ അയച്ച വാട്‌സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് രണ്ട് തരം ഓപ്‌ഷനുകളാണ് ഇപ്പോഴുള‌ളത്. ആ സന്ദേശം കാണേണ്ട എന്നുണ്ടെങ്കിൽ ഒന്നുകിൽ ഡിലീറ്റ് ഫോർ മി അഥവാ തനിക്ക് മാത്രമായി സന്ദേശം ഡിലീറ്റ് ആകാനോ, അല്ലെങ്കിൽ ഡിലീറ്റ് ഫോർ എവരിവൺ അഥവാ ആ ഗ്രൂപ്പിലെ ആർക്കും കാണാതെയിരിക്കാൻ സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഓപ്‌ഷൻ. എന്നാൽ ഇപ്പോൾ സന്ദേശം അയച്ചശേഷം ഒരുമണിക്കൂറോളം സമയം മാത്രമേ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ പ്രവർത്തിക്കൂ. ഇനി അതിന്റെ സമയം ദീർഘിപ്പിക്കുന്ന പരീക്ഷണത്തിലാണ് വാ‌ട്‌സാപ്പ്. പുതിയ അപ്‌ഡേറ്റ് നടപ്പായാൽ രണ്ട് ദിവസം 12 മണിക്കൂർ സമയത്തിന് മുൻപുള‌ള മെസേജുകൾ വരെ ഇങ്ങനെ ഡിലീറ്റ് ചെയ്യാമെന്നാണ് വിവരം. ചില ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ രണ്ട് ദിവസത്തിനും 12മണിക്കൂറിനും ശേഷം സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനായി. 

മുൻപ് ഒരു മണിക്കൂർ എട്ട് മിനുട്ട് 16 സെക്കന്റ് സമയത്തേക്കായിരുന്നു എല്ലാവർക്കും കാണാനാകാത്ത തരത്തിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനാകുക. ഫോണിൽ ഈ ഓപ്‌ഷനില്ല എന്ന് കരുതി ആശങ്കപ്പെടേണ്ടെന്നും അത് അടുത്ത അപ്‌ഡേറ്റിൽ തന്നെ ലഭ്യമാകുമെന്നുമാണ് വാട്‌സാപ്പ് അധികൃതർ അറിയിക്കുന്നത്. ശബ്‌ദസന്ദേശങ്ങൾ സ്‌റ്റാ‌റ്റസാക്കാൻ കഴിയുന്ന ഫീച്ചർ, വാ‌ട്‌വാപ്പ് വികസിപ്പിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് മറ്റൊരു മാറ്റവും കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നു എന്ന പുതിയ വാർത്ത വരുന്നത്. ഇൻസ്‌റ്റഗ്രാമടക്കം മറ്റ് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ ചിത്രങ്ങളും വീഡിയോകളും എഴുത്തും അടങ്ങിയ അപ്‌ഡേറ്റ് പ്രോത്സാഹിപ്പിക്കുമ്പോൾ വാ‌ട്‌സാപ്പ് അതിൽ നിന്നും വ്യത്യസ്‌തമായ പരിഷ്‌കാരം വരുത്താൻ ശ്രമിക്കുകയാണ്.