ആപ്പിൾ അവതരിപ്പിച്ചത് നോച്ചുള്ള മാക്ബുക് പ്രോകള്‍, എയര്‍പോഡ്‌സ് 3; വരുന്നു സോണി എ7 4!...

google news
TEDCH3
ആപ്പിളിന്റെ പുതിയ ഉൽപന്നങ്ങളായ മാക്ബുക്ക് 14, മാക്ബുക്ക് 16 അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പുതിയ ലാപ്‌ടോപ്പുകളും എയര്‍പോഡ്‌സ് 3യും ആപ്പിള്‍ പുറത്തിറക്കിയത്. ഇതോടൊപ്പം പുതിയ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, പുതിയ നിറങ്ങളില്‍ ഹോംപോഡ് മിനി എന്നിവയും പരിചയപ്പെടുത്തി. എന്നാല്‍, ഈ ഇവന്റിലെ ശ്രദ്ധാകേന്ദ്രം പുതിയ ലാപ്‌ടോപ്പുകളായിരുന്നു. ആപ്പിള്‍ പ്രേമികള്‍ ഏറെകാലമായി കാത്തിരുന്ന കരുത്തുറ്റ മാക്ബുക്കുകളാണോ കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്? പരിശോധിക്കാം:

∙ കരുത്തന്‍ പ്രോസസര്‍

നേരത്തെ ഇന്റലിന്റെ പ്രോസസറുകളെ ആശ്രയിച്ചായിരുന്നു ആപ്പിള്‍ കംപ്യൂട്ടറുകള്‍ നിര്‍മിച്ചുവന്നത്. എന്നാല്‍, ആപ്പിള്‍ സിലിക്കണ്‍ എന്ന് അറിയപ്പെടുന്ന എം1 ചിപ്പുകള്‍ അടങ്ങിയ 13-ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള മാക്ബുക്ക് പ്രോ, മാക്ബുക്ക് എയര്‍ നോട്ട്ബുക്കുളോടെ ആപ്പിള്‍ ഇന്റലിനോടു വിടപറഞ്ഞു. ഇപ്പോള്‍ ഇറക്കിയിരിക്കുന്നത് 14.2-ഇഞ്ച്, 16.2-ഇഞ്ച് സ്‌ക്രീനുകളുള്ള മാക്ബുക്ക് പ്രോകളാണ്. ഇവയ്ക്ക് ശക്തി പകരുന്നതാകട്ടെ എം1 പ്രോ, എം1 പ്രോ മാക്‌സ് എന്ന് ആപ്പിള്‍ സിലിക്കന്റെ ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും കരുത്തുറ്റ വകഭേദങ്ങളാണ്. രണ്ടു സ്‌ക്രീന്‍ സൈസിലും ഈ പ്രോസസറുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

∙ എം1 പ്രോ

ആപ്പിള്‍ അവതരിപ്പിച്ചതില്‍ വച്ച് കുറഞ്ഞ ശക്തിയുള്ള പ്രോസസര്‍ എം1 പ്രോയാണ്. എന്നാല്‍, ഇത് ആദ്യ തലമുറയിലെ എം1 പ്രോസസറിനെക്കാള്‍ 70 ശതമാനം അധിക ശക്തിയുള്ളതാണ്. എം1 പ്രോയ്ക്ക് 10 കോറുള്ള സിപിയു (8 പെര്‍ഫോര്‍മന്‍സ് കോര്‍, 2 എഫിഷ്യന്‍സി കോര്‍), 16 കോര്‍ ന്യൂറല്‍ എൻജിന്‍, 16 കോര്‍ വരെ ജിപിയു, 32 ജിബി വരെ യൂണിഫൈഡ് മെമ്മറി, 200 ജിബിപിഎസ് വരെ മെമ്മറി ബാന്‍ഡ്‌വിഡ്ത് എന്നീ ശേഷികളാണ് ഉള്ളത്. വിഡിയോ ഡീകോഡ്-എന്‍കോഡ് ചെയ്യുന്നതിനായി പ്രത്യേകം എൻജിനുകള്‍ ഉണ്ട്. എച്.264, എച്ഇവിസി, പ്രോറെസ് റോ കോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു രണ്ടു എക്‌സ്‌റ്റേണല്‍ പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ മോണിട്ടുറുകള്‍ സപ്പോര്‍ട്ടു ചെയ്യാന്‍ സാധിക്കും. ഒരേസമയം 20 4കെ, 422 സ്ട്രീമുകള്‍ പ്ലേ ചെയ്യാന്‍ സാധിക്കും.

എം1 മാക്‌സ്

ആപ്പിള്‍ ഇന്നുവരെ നിര്‍മിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തിയേറിയ പ്രോസസര്‍ ആണിത്. ഇതിന് എം1 പ്രോയേക്കള്‍ 70 ശതമാനം അധിക പ്രകടനക്കരുത്തുണ്ടെന്ന് ആപ്പിള്‍ പറയുന്നു. ഇതില്‍ 5700 കോടി ട്രാന്‍സിസ്റ്ററുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്! എം1 മാക്‌സിനും സിപിയു 10 കോര്‍ ഡിസൈനാണ് ഉള്ളത്. 32 കോര്‍ വരെ ജിപിയു സപ്പോര്‍ട്ട് ഉണ്ട്. 64-ജിബി യൂണിഫൈഡ് മെമ്മറി, 400 ജിബിപിഎസ് മെമ്മറി ബാന്‍ഡ്‌വിഡ്ത്, 2 പ്രോറെസ് ആക്‌സിലറേറ്ററുകള്‍ (ഇവയ്ക്ക് 30, 4കെ പ്രോറെസ് 422 സ്ട്രീമുകള്‍ വരെ ഒരേസമയം സപ്പോര്‍ട്ടു ചെയ്യാനാകുമെന്നും, ഏഴ് 8 കെ പ്രൊറെസ് വിഡിയോ സ്ട്രീമുകള്‍ വരെ ഒരേസമയം സപ്പോര്‍ട്ടു ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു). നാല് എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേകളും സപ്പോര്‍ട്ടു ചെയ്യും. ആപ്പിളിന്റെ ഡെമോയില്‍ കമ്പനി മൂന്ന് പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ മോണിട്ടറുകളും ഒരു 4കെ ടിവിയുമാണ് ഉപയോഗിച്ചത്. 

ഡിസ്‌പ്ലേ

ഈ മേഖലയിലാണ് കമ്പനി പുതിയൊരു കടമ്പ കൂടി കടന്നിരിക്കുന്നത്. ഇരു സ്‌ക്രീനുകള്‍ക്കും ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലേകളാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറു കോടി കളറുകള്‍ വരെ പ്രദര്‍ശിപ്പിക്കാവുന്ന ഇവയ്ക്ക് 1,000,000:1 ആണ് കോണ്ട്രാസ്റ്റ് അനുപാതം. സ്‌ക്രീനിന് 1,000 നിറ്റ്‌സ് ബ്രൈറ്റ്നസ് സ്ഥിരമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നതു കൂടാതെ പരമാവധി 1,600 നിറ്റ്‌സ് വരെ ഉയരാനും സാധിക്കും. ആപ്പിളിന്റെ സ്വന്തം പ്രൊമോഷന്‍ ഡിസ്‌പ്ലേ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 120 ഹെട്‌സ് വരെയാണ് റിഫ്രഷ് റേറ്റ്. ഇവയില്‍ 14.2 ഇഞ്ച് മോഡലിന് 3024x 1964 പിക്‌സല്‍സ് ആണ് റെസലൂഷന്‍. എന്നാല്‍, 16.2-ഇഞ്ച് സ്‌ക്രീനിന് 3456 x 2234 ആണ് റെസലൂഷന്‍. പക്ഷേ, ഇരു സ്‌ക്രീനുകള്‍ക്കും 254 പിക്‌സല്‍ പെര്‍ ഇഞ്ച് ആണുള്ളത്. ഇതു കൂടാതെ സ്‌ക്രീനുകളുടെ മുകളില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം അവയില്‍ പിടിപ്പിച്ചിരിക്കുന്ന നോച്ച് ആണ്. എന്നാല്‍, ഇവയില്‍ ഫെയ്‌സ്‌ഐഡി ഇല്ലാത്തത് നിരാശപ്പെടുത്തുന്നു എന്നും പറയുന്നു. ഫെയ്‌സ്‌ടൈം കോളുകള്‍ക്കാണ് ക്യാമറാ സിസ്റ്റം.

∙ പോര്‍ട്ടുകള്‍ തിരിച്ചെത്തുന്നു

ആപ്പിളിന്റെ ആദ്യ എം1 ചിപ്പ് ഉപയോഗിച്ചെത്തിയ മാക്ബുക്കുകള്‍ പോര്‍ട്ടുകളുടെ ദാരിദ്ര്യത്തിന്റെ പര്യായമായിരുന്നു. എന്നാല്‍, പുതിയ തലമുറയിലെ മോഡലുകളില്‍ എസ്ഡി കാര്‍ഡ് സ്ലോട്ടും, എച്ഡിഎംഐ പോര്‍ട്ടും, മൂന്ന് തണ്ടര്‍ബോള്‍ട്ട് 4 യുഎസ്ബി-സി പോര്‍ട്ടുകളും, ഒരു മഗ്‌സെയ്ഫ് 3 പോര്‍ട്ടും, ഒരു ഹെഡ്‌ഫോണ്‍ ജാക്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്ക് 96w ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുണ്ട്.

∙ സ്റ്റോറേജ് ശേഷി, ബാറ്ററി, മൈക്രോഫോണ്‍, കണക്ടിവിറ്റി

പുതിയ ശ്രേണിയില്‍ കുറഞ്ഞ സ്റ്റോറേജ് ശേഷി 512 ജിബി എസ്എസ്ഡി ആണ്. ഇത് 8ടിബി വരെ വര്‍ധിപ്പിക്കാം. ഒറ്റ ഫുള്‍ റീ ചാര്‍ജില്‍ ഇവയിലെ 14 മോഡലിന് 17 മണിക്കൂര്‍ വരെ വിഡിയോ പ്ലേ ചെയ്യാനാകുമെങ്കില്‍ 16 മോഡലിന് 21 മണിക്കൂര്‍ വരെ വിഡിയോ കാണാന്‍ സാധിക്കുമെന്നു പറയുന്നു. മൂന്നു മൈക്രൊഫോണുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മികച്ച സ്പീക്കറുകളും 802.11 എഎച് വൈ-ഫൈ 6, ബ്ലൂടൂത്ത് 5 ടെക്‌നോളജിയും ഉണ്ട്. മാക്ബുക്ക് 14ന്റെ തുടക്ക വേരിയന്റിന് 194,900 രൂപയാണ് വില. മാക്ബുക്ക് 16ന്റെ തുടക്ക മോഡലിന് 239,900 രൂപയാണ് വില. എന്നാല്‍, 8ടിബി അടക്കം നിങ്ങള്‍ ഇവയ്ക്കു ലഭിക്കാവുന്ന മൊത്തം പ്രകടനവും ഉള്‍ക്കൊണ്ട മോഡലാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 6,099 ഡോളര്‍ മാറ്റിവയ്‌ക്കേണ്ടി വരും! മാക്ക് ഒഎസിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 25ന് അവതരിപ്പിക്കും.

∙ എയര്‍പോഡ്‌സ് 3

എയര്‍പോഡ്‌സ് 3 എന്ന പേരില്‍ ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളായ എയര്‍പോഡ്‌സിന്റെ മൂന്നാം തലമുറ വേര്‍ഷന്‍ പുറത്തിറക്കി. കൂടിയ മോഡലായ എയര്‍പോഡ്‌സ് പ്രോയ്ക്ക് സമാനമായ രൂപകല്‍പനയാണ് കുറഞ്ഞ മോഡലിനും നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവയ്ക്ക് പ്രോയ്ക്ക് നല്‍കിയിരിക്കുന്ന തരത്തിലുള്ള റബര്‍ ഇന്‍-ഇയര്‍ ടിപ്പും ആക്ടീവ് നോയിസ് ക്യാന്‍സസേഷനും ഉണ്ടാവില്ല. മാഗ്‌സെയ്ഫ് ചാര്‍ജര്‍ ഉപയോഗിച്ച് വയര്‍ലെസായി ഇവ ചാര്‍ജ് ചെയ്യാം. മുന്‍ മോഡലിനെ അപേക്ഷിച്ച് കുടുതല്‍ ശക്തമായ ബെയ്‌സ് ലഭിക്കും. ആറു മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉണ്ട്. ഫീച്ചറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുപോലെ വിലയും വര്‍ധിപ്പിച്ചു. ആദ്യ മോഡല്‍ 15,000 രൂപയില്‍ താഴെയാണ് വിറ്റിരുന്നതെങ്കില്‍ എയര്‍പോഡ്‌സ് 3യ്ക്ക് 18,500 രൂപയാണ് വില. അതേസമയം, ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള എയര്‍പോഡ്‌സിന്റെ എംആര്‍പി 12,900 രൂപയായി കുറച്ചിട്ടുമുണ്ട്.

ഹോംപോഡ് മിനിക്ക് പുതിയ നിറങ്ങള്‍...

ആപ്പിളിന്റെ സ്മാര്‍ട് സ്പീക്കറുകളായ ഹോംപോഡ് മിനി, ഓറഞ്ച്, മഞ്ഞ, നീല എന്നീ നിറങ്ങളില്‍ കുടി ലഭ്യമാക്കാന്‍ തീരുമാനിച്ചു.

∙ ആപ്പിള്‍ മ്യൂസിക് പ്രതിമാസം 49 രൂപയ്ക്ക്

ആപ്പിള്‍ മ്യൂസിക് പുതിയ വോയിസ് പ്ലാന്‍ അവതരിപ്പിച്ചു. പ്രതിമാസം 49 രൂപയാണ് നല്‍കേണ്ടത്. ആപ്പിളിന്റെ നിലവിലുള്ള മ്യൂസിക് പ്ലാനിനെ അപേക്ഷിച്ച് ഇതിന് സ്‌പെഷല്‍ ഓഡിയോ അടക്കമുള്ള പല ഫീച്ചറുകളും ഉണ്ടായിരിക്കില്ല.

∙ ഒക്ടോബര്‍ 21ന് വരുന്നു സോണി എ7 4!

ലോകത്തെ പ്രൊഫഷണല്‍ ക്യാമറാ നിര്‍മാണ രംഗത്ത് അതിവേഗം കുതിച്ചുയര്‍ന്ന കമ്പനിയായ സോണി തങ്ങളുടെ ഏറ്റവും പുതിയ മിറര്‍ലെസ് ക്യാമറ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതാകട്ടെ കമ്പനിയുടെ ഫുള്‍ഫ്രെയിം ലൈന്‍-അപ്പില്‍ ഏറ്റവും വില കുറഞ്ഞ ഹൈബ്രിഡ് ഷൂട്ടര്‍ ആയിരിക്കും. നിക്കോണ്‍ സെഡ്6 2, ക്യാനന്‍ ആര്‍6 തുടങ്ങിയ ക്യാമറകളെ നിഷ്‌കരുണം പിന്തള്ളി പുതിയ തുടക്കം കുറിയ്ക്കുമെന്നാണ് സോണിയുടെ ആരാധകര്‍ പറയുന്നത്. ക്യാമറയെക്കുറിച്ച് സോണി എന്തെങ്കിലും പറയുന്നത് ഈ മാസം 21 ആയിരിക്കുമെങ്കിലും അഭ്യൂഹങ്ങള്‍ പ്രകാരം എ7 4ന് 33 എംപി സെന്‍സറായിരിക്കും ഉണ്ടായിരിക്കുക. ഇപ്പോഴുള്ള സോണി എ7 3 മോഡലിന് സമാനമായ ബോഡിയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 7കെ വിഡിയോയില്‍ നിന്ന് ഓവര്‍ സംപിള്‍ ചെയ്ത 4കെ 30പി, സോണിയുടെ ഉജ്വലമായ ഓട്ടോഫോക്കസ് സിസ്റ്റം, 15-സ്‌റ്റോപ് ഡൈനാമിക് റെയ്ഞ്ച് തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ അടക്കം ചെയ്തായിരിക്കും ക്യാമറ പുറത്തിറക്കുക എന്നാണ് അടക്കംപറച്ചില്‍. പുതിയ ക്യാമറ വരുന്നു എന്നു മാത്രം സോണിയും പറയുന്നു. https://youtu.be/zreZpSXWtiA

Tags