ഐഫോണ്‍ പ്ലാന്റിന്റെ ഇന്ത്യ വൈസ് പ്രസിഡന്റിനെ നീക്കി

google news
ഐഫോണ്‍ പ്ലാന്റിന്റെ ഇന്ത്യ വൈസ് പ്രസിഡന്റിനെ നീക്കി

ബെംഗളൂരു: ഐഫോണ്‍ പ്ലാന്റിന്റെ ഇന്ത്യ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ലീയെ നീക്കാന്‍ കമ്പനി തീരുമാനം. കര്‍ണാടകയിലെ നരസപുരയില്‍ ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന വിസ്‌ട്രോണ്‍ ഫാക്ടറിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് തീരുമാനം. ഉടമകള്‍ ശമ്പളം നല്‍കാതിരുന്നതിന് ജീവനക്കാരോട് കമ്പനി മാപ്പു പറഞ്ഞു.

കര്‍ണാടകയിലേത് പുതിയ ഫാക്ടറിയാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചുവെന്നും തായ്‌വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

"തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കുന്ന കാര്യവും ശമ്പളം നല്‍കുന്ന നടപടികളും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. തെറ്റുതിരുത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണ്. അച്ചടക്ക നടപടികള്‍ അടക്കമുള്ളവയാവും സ്വീകരിക്കുക"- കമ്പനി പറഞ്ഞു.

അതിനിടെ, കമ്പനിയെ നിരീക്ഷണത്തില്‍ വെക്കുകയാണെന്ന് ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിള്‍ വ്യക്തമാക്കി. തെറ്റുതിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കമ്പനിക്ക് പുതിയ കരാറുകള്‍ നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ആപ്പിളിനുവേണ്ടിയാണ് ഐഫോണ്‍ ഘടകങ്ങള്‍ വിസ്‌ട്രോണ്‍ നിര്‍മിച്ചുവന്നത്.

ഡിസംബര്‍ 12-നാണ് നരസപുരയിലെ വിസ്‌ട്രോണ്‍ നിര്‍മാണശാലയിലെ ഒരു വിഭാഗം കരാര്‍ ജീവനക്കാര്‍ അക്രമാസക്തമാകുകയും ഫാക്ടറിയിലെ യന്ത്രങ്ങളും ഓഫീസ് ഉപകരണങ്ങളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തത്. തായ്‌വാനീസ് കമ്പനിക്ക് ഇതേത്തുടര്‍ന്ന് 25 - 28 കോടി രൂപയുടെ വരെ നഷ്ടമുണ്ടാവുകയും കമ്പനി പൂട്ടേണ്ടി വരികയും ചെയ്തിരുന്നു.

Tags