ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

saudi
റിയാദ്: ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുമായി സൗദി അറേബ്യ.കച്ചവട സ്ഥാപനങ്ങളില്‍ ഇറക്കുകയും തിരികെ അയക്കുകയും ചെയ്യുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത്.കാലാവധിക്ക് ശേഷം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയാണ് ഇതില്‍ ഏറ്റവും മികച്ചത്. പുതിയ രീതിയനുസരിച്ച്‌ ഓരോ സ്ഥാപനത്തിലേയും പണമിടപാടുകള്‍ സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് പരിശോധിക്കാനാകും. ഈ ഇടപാടുകളില്‍ അസ്വാഭാവികതയുള്ളവ തനിയേ കണ്ടു പിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാകും.

അസ്വാഭാവികമായ ഇടപാടുകള്‍ സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് അനായാസം കണ്ടെത്താനാകും. 2022 ഫെബ്രുവരി 16 വരെ സൗദിയിലെ ബിനാമി സ്ഥാപനങ്ങള്‍ക്ക് പദവി മാറാം. ഇതിനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ നിക്ഷേപകരായി ബിനാമി ബിസിനസുകാര്‍ക്ക് മാറാനാണ് അനുമതി.

കണക്കിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ചാകും ഇത്. കടകളില്‍ ഇറക്കുന്നവ, പുറത്തേക്ക് പോകുന്നവ, മടക്കി അയക്കുന്നവ, പണമിടപാട് എന്നിവ ഓണ്‍ലൈനില്‍ പരിശോധിച്ചാല്‍ തന്നെ കാര്യം പിടികിട്ടും. ഇതോടെ സംശയകരമായ സ്ഥാപനങ്ങളില്‍ പ്രത്യേക നിരീക്ഷണം തുടങ്ങും. ശേഷം കുറ്റം കണ്ടെത്തിയാല്‍ നടപടിയെടുക്കും.

സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ 20 വകുപ്പുകളുടെ സേവനം ഇതിനുണ്ടാകും. ബിനാമി ബിസിനസുകള്‍ നടത്തുന്നവരെ കണ്ടെത്താന്‍ നടത്തുന്ന നിരീക്ഷണ ശൈലി ഏറെ മാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ഫീല്‍ഡ് പരിശോധയേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ പരിശോധന ആദ്യം നടക്കും. 20 സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റകളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. സംശയാസ്പദമായ ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന 120 ലേറെ സൂചനകള്‍ നിര്‍ണയിച്ചിട്ടുമുണ്ട്.