ചൈനയിലെ മസ്കിന്റെ കമ്പനിയായ ടെസ്‌ല അടച്ചു പൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു

tesla elon musk
ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങില്‍ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഇലക്‌ട്രിക് വാഹന കമ്പനിയായ ടെസ്‌ല പുതിയ ഷോറൂം തുറന്നത്.സിന്‍ജിയാങിലെ വംശീയ ന്യൂനപക്ഷ മുസ്ലീം വിഭാഗമാണ് ഉയ്ഗുറുകള്‍. ഇവര്‍ക്കെതിരെ വംശഹത്യ, നിര്‍ബന്ധിത വന്ധ്യംകരണം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. 

അതിനാല്‍ ഈ മേഖലയില്‍ നിന്നും ടെസ്‌ല പിന്മാറണമെന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവരുടെ ആവശ്യം. പ്രതിഷേധം ഉയര്‍ത്തുന്നവരില്‍ അമേരിക്കയിലെ മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളും അടക്കമുള്ളവര്‍ ഉണ്ട്.നവമാധ്യമങ്ങളിലും അമേരിക്കന്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും വലിയ വിമര്‍ശനമാണ് ടെസ്‌ലയ്ക്കും ഇലോണ്‍ മസ്കിനും എതിരെ ഉയരുന്നത്.

 "വംശീയ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വംശഹത്യ നടക്കുന്ന സ്ഥലമാണ് സിന്‍ജിയാങ്. ആ മേഖലയില്‍ ഒരു അമേരിക്കന്‍ കോര്‍പ്പറേഷനും ബിസിനസ് ചെയ്യാന്‍ പാടില്ല," സിഎഐആര്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇബ്രാഹിം ഹൂപ്പര്‍ പറഞ്ഞു. "ഇലോണ്‍ മസ്‌കും ടെസ്‌ലയും ഈ പുതിയ ഷോറൂം അടച്ച്‌ പൂട്ടുകയും വംശഹത്യയ്ക്കുള്ള സാമ്ബത്തിക പിന്തുണ അവസാനിപ്പിക്കുകയും വേണം." കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയാണ് ടെസ്‌ല സിന്‍ജിയാങ്ങിലെ ഉറുമ്ബിയില്‍ പുതിയ ഷോറൂം തുറന്നത്. 

ആ പ്രദേശത്തെ മുസ്ലീം വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളെയും കുറിച്ച്‌ ഇലക്‌ട്രിക് കാര്‍ നിര്‍മാതാവ് മനസിലാക്കണമെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള അമേരിക്കന്‍ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആവശ്യപ്പെട്ടു.

ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ കമ്ബനി ഇത് സംബന്ധിച്ച്‌ പോസ്റ്റും ഇട്ടിരുന്നു. "നമുക്ക് സിന്‍ജിയാങ്ങിന്റെ മുഴുവന്‍ വൈദ്യുത യാത്ര ആരംഭിക്കാം!" എന്നായിരുന്നു പോസ്റ്റ്.സിന്‍ജിയാങ്ങില്‍ നിന്നുള്ള ചരക്കുകള്‍ കോണ്‍സന്ട്രേഷന്‍ ക്യാമ്ബുകളില്‍ നിര്‍ബന്ധിത തൊഴിലാളികളാല്‍ നിര്‍മ്മിക്കപ്പെടുന്നതല്ലെന്ന് കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നതും യുഎസ് വിലക്കിയിട്ടുണ്ട്. ഉയ്ഗുര്‍ മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തിയ നിരവധി ചൈനീസ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ബൈഡന്‍ ഭരണകൂടം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് വിവാദ മേഖലയില്‍ ടെസ്‌ല ഷോറൂം തുറന്നത്.