ബഹിരാകാശത്തു വെച് മരിച്ചാൽ ഇനി ഭയപ്പെടേണ്ട

google news
TECH1
 

ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്റ്റിക് തുടങ്ങി കമ്പനികൾ സ്‌പേസ് ടൂറിസം രംഗത്തേക്ക് എത്തിക്കഴിഞ്ഞെങ്കില്‍ സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ചൊവ്വയില്‍ മനുഷ്യര്‍ക്ക് താവളമൊരുക്കാന്‍ പോലും ആഗ്രഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചില മനുഷ്യരെങ്കിലും അന്യഗ്രഹങ്ങളില്‍ അവധി ആഘോഷിക്കാനോ, ഒരു പക്ഷേ സ്ഥിരവാസത്തിനോ പോലും പോയേക്കാം. അത്തരം ഒരു അവസരത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ എന്തു സംഭവിക്കും? ഇതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം. 
∙ മരിക്കുമ്പോള്‍ ശരിക്കും എന്താണ് സംഭവിക്കുന്നത്?

ഭൂമിയില്‍ വച്ച് മനുഷ്യന്‍ മരിച്ചാല്‍ ശരീരം അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ഉണ്ടെന്ന് നമ്മുടെ പൂര്‍വീകകര്‍ക്ക് 1247 ല്‍ തന്നെ അറിയാമായിരുന്നു. ഇതിന്റെ തെളിവാണ് സൊങ് സി (സങ് റ്റ്‌സു എന്നും വിളിക്കുന്നു) എഴുതിയ ദി വാഷിങ് എവേ ഓഫ് റോങ്‌സ് എന്ന പുസ്തകം. (സൊങ്സിയെ ആണ് ഫോറന്‍സിക് ശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നത്.) മരണശേഷം ആദ്യമായി ശരീരത്തിനു സംഭവിക്കുന്നത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി രക്തയോട്ടം നിലയ്ക്കുന്നതാണ്. ഇതോടെ രക്തം കെട്ടിക്കിടക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തെയാണ് ലിവൊര്‍ മോര്‍ട്ടിസ് എന്നു വളിക്കുന്നത്. തുടര്‍ന്ന് ശരീരം തണുത്ത് അല്‍ഗോര്‍ മോര്‍ട്ടിസ് എന്നു വിളിക്കുന്ന ഘട്ടത്തില്‍ എത്തുന്നു. പിന്നെ മസിലുകള്‍ കട്ടിയാകാന്‍ തുടങ്ങുകയും മസില്‍ ഫൈബറുകളില്‍ കാല്‍സിയം നിയന്ത്രണമില്ലാതെ അടിയാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഘട്ടത്തെ റിഗൊര്‍ മോര്‍ട്ടിസ് എന്നു വിളിക്കുന്നു. അടുത്ത ഘട്ടത്തില്‍ രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന എന്‍സീമുകളും പ്രോട്ടീനുകളും ശരീരത്തിന്റെ കോശഭിത്തികളെ പൊട്ടിച്ച് അവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളെ പുറത്തെത്തിക്കുകയും ചെയ്യുന്നു. 

ഈ സമയത്ത് അന്നനാളത്തിലുള്ള ബാക്ടീരിയ പുറത്തുവരികയും ശരീരത്താകമാനം വ്യാപിക്കുകയും ചെയ്യും. മൃദുവായ സംയുക്ത കോശങ്ങളെ അവ ഭക്ഷണമാക്കുന്നു. ഇതിനെയാണ് പ്യൂട്രിഫാക്ഷന്‍ (അഴുകല്‍) എന്നു വിളിക്കുന്നത്. ഇതു വഴി പുറത്തുവരുന്ന വാതകങ്ങള്‍ മൂലം ശരീരം ചീര്‍ത്തുവരുന്നു. മസിലുകള്‍ നശിപ്പിക്കപ്പെടുന്നതോടെ നേരത്തെ സംഭവിച്ച റിഗൊര്‍ മോര്‍ട്ടിസ് ഇല്ലാതാകുന്നു. പിന്നെ ശക്തമായ ഗന്ധം ഉയരുന്നു. കോശഘടന ഇല്ലാതാകുന്നു. ഈ കാര്യങ്ങളെല്ലാം ശരീരത്തിനുള്ളില്‍ നടക്കുന്നവയാണെങ്കിലും ഭൂമിയുടെ പ്രത്യേകത മൂലമുള്ള പല ഘടകങ്ങളും ശരീരത്തെ ബാധിക്കുന്നു എന്നും കാണാം. അഴുകല്‍ പ്രക്രിയയെ ഭൂമിയിലെ സാഹചര്യങ്ങള്‍ സഹായിക്കുന്നു. ഊഷ്മാവ്, ചെറുജീവികളുടെ പ്രവര്‍ത്തനം, ശരീരം മറവു ചെയ്യല്‍ അല്ലെങ്കില്‍ പൊതിയല്‍, തീയുടെയോ വെള്ളത്തിന്റെയോ സാന്നിധ്യം തുടങ്ങി പല ഘടകങ്ങളും ഇതിലുണ്ട്.

പ്രേതരക്ഷണം (Mummification) എന്നു വിളിക്കുന്ന ജലാംശം നീക്കുന്ന രീതി ചൂടു കൂടിയതോ, തണുത്തതോ ആയ അവസ്ഥകളില്‍ സംഭവിക്കുന്നു. ഓക്‌സിജന്‍ ഇല്ലാത്ത ഈര്‍പ്പമുള്ള അവസ്ഥകളില്‍ അഡിപൊസിയര്‍ (മെഴുകു പോലത്തെ വസ്തു) സൃഷ്ടിക്കപ്പെട്ടേക്കാം. ഇവിടെ ഹൈഡ്രോലിസിസ് വഴി വെള്ളം ശരീരത്തിലെ കൊഴുപ്പിനെ മെഴുകു പോലെയുള്ള വസ്തുവാക്കുകയാണ് ചെയ്യുന്നത്. ഈ മെഴുകു കവചം ത്വക്കിനു മുകളില്‍ ഒരു ആവരണമായി തീര്‍ന്ന് അതിനെ സംരക്ഷിക്കാം. പക്ഷേ, മിക്കപ്പോഴും ശരീരത്തിന്റെ കോശഘടനകള്‍ അപ്രത്യക്ഷമാകുകയും എല്ലുകള്‍ പ്രത്യക്ഷമാകുകയും ചെയ്യാം. ഈ കട്ടികൂടിയ കോശങ്ങള്‍ക്ക് കൂടുതല്‍ കരുത്തുണ്ട് എന്നതിനാല്‍ അവ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനിന്നേക്കാം.

അതേസമയം, അന്യഗ്രഹങ്ങളില്‍ നിലനില്‍ക്കുന്നത് ഭൂമിയുടേതിനേക്കാള്‍ വ്യത്യാസമുള്ള ഗുരുത്വാകര്‍ഷണമാണ് ഇതിനാല്‍ ലിവൊര്‍ മോര്‍ട്ടിസ് ഘട്ടത്തിന് മാറ്റമുണ്ടാകും. ബഹിരാകാശത്ത് റോക്കറ്റിലും മറ്റുംവച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഗുരുത്വാകര്‍ഷണം ഇല്ലാതെ ഒഴുകിനടക്കും. ഇതിനാല്‍ ശരീരത്തിൽ രക്തം കെട്ടിക്കിടക്കാന്‍ തുടങ്ങില്ല. അതേസമയം, സ്‌പേസ് സൂട്ടിനുള്ളിലും റിഗൊര്‍ മോര്‍ട്ടിസ് സംഭവിക്കുകയും ചെയ്യും. കാരണം അത് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ സംഭവിക്കുന്ന കാര്യമാണ്. തുടര്‍ന്ന് അന്നനാളത്തിലുള്ള ബാക്ടീരിയ പുറത്തെത്തി കോശഘടനയെ ആര്‍ത്തിയോടെ ഭക്ഷണമാക്കി തുടങ്ങുകയും ചെയ്യും. എന്നാല്‍, ഈ ബാക്ടീരിയകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഓക്‌സിജന്‍ വേണം എന്നതിനാല്‍ വളരെ കുറഞ്ഞ തോതിലേ അവയ്ക്ക് പ്രവര്‍ത്തിക്കാനാകൂ.

മണ്ണിലെ സൂക്ഷ്മാണുക്കളുടെ (മൈക്രോബ്‌സ്) പ്രവര്‍ത്തനവും ശരീരം അഴുകുന്നത് ത്വരിതപ്പെടുത്തുന്നു. ചില ഗ്രഹങ്ങളില്‍ നിലനില്‍ക്കുന്ന വരണ്ട അവസ്ഥയും മറ്റും ഈ പ്രക്രിയയയുടെ വേഗം കുറയ്ക്കുകയും കോശങ്ങള്‍ പരുക്കേല്‍ക്കാതെ കൂടുതല്‍ നേരത്തേക്ക് നിലനിര്‍ത്തുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഭൂമിയുടെ പരിസ്ഥിതിക്കു വെളിയിലുള്ള അഴുകല്‍ എന്നു പറഞ്ഞാല്‍ വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. പ്രത്യേകിച്ചും അസ്ഥികൂടത്തിന്റെയും മറ്റും കാര്യത്തില്‍. നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ എല്ലുകളും ജീവനുള്ള വസ്തുവാണ്. ഇവയില്‍ ഓര്‍ഗാനിക്കും ഇനോര്‍ഗാനിക്കുമായ ഘടകങ്ങള്‍ ഉണ്ട്. സാധാരണ ഗതിയില്‍ ഓര്‍ഗാനിക് ഘടകങ്ങള്‍ അഴുകും. ഇതിനാല്‍ തന്നെ നാം മ്യൂസിയങ്ങളിലും മറ്റം കാണുന്ന അസ്ഥികൂടങ്ങള്‍ ഇനോര്‍ഗാനിക് നീക്കിയിരുപ്പാണ്.

എന്നാല്‍, മറ്റു ഗ്രഹങ്ങളിലെ അമ്ലാംശം കൂടിയ മണ്ണില്‍ നേരേ തിരിച്ചായിരിക്കാം സംഭവിക്കുക. ഇനോര്‍ഗാനിക് അംശങ്ങള്‍ നശിക്കുകയും ഓര്‍ഗാനിക്ക് അംശങ്ങള്‍ (soft tissues) നിലനില്‍ക്കുകയും ചെയ്യാം. മറ്റു ഗ്രഹങ്ങളില്‍ നിലനില്‍ക്കുന്ന പരിസ്ഥിതി നമ്മുടെ ശരീരത്തിന് ഭൂമിയില്‍ സംഭവിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ പാകത്തിനു ഉരുത്തിരിഞ്ഞിട്ടില്ല. കൂടാതെ, ചെറുജീവികളും അളിഞ്ഞ മാംസം ഭക്ഷിക്കുന്ന മൃഗങ്ങളും പക്ഷികളും അവിടെ കാണുകയുമില്ല. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മരുഭൂമിക്കു സമാനമായ സാഹചര്യങ്ങളില്‍ സോഫ്റ്റ് ടിഷ്യൂസ് ഉണങ്ങിപ്പോകാം. അതേസമയം, അസ്ഥികൂടത്തിന് ഭൂമിയിലേതിനു സമാനമായ രീതിയിലുളള നാശനഷ്ടങ്ങളും സംഭവിക്കാം.

അഴുകലിന്റെ കാര്യത്തില്‍ പ്രാധാന്യമുള്ള മറ്റൊരു ഘടകം ചൂടാണ്. ചന്ദ്രനിലെ കാര്യമെടുത്താല്‍ അവിടെ 120 മുതല്‍ 170 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ് ചൂട്. ശരീരത്തിന് ചൂടു ബാധിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങളോ തണുത്തുറയല്‍ മൂലമുള്ള പ്രശ്‌നങ്ങളോ ചന്ദ്രനില്‍ സംഭവിക്കാം. എന്നാല്‍, ഭൂമിയില്‍ നടക്കുന്ന അഴുകല്‍ പ്രക്രിയ നടക്കാത്തതിനാല്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ മനുഷ്യരുടേതു തന്നെയായി തോന്നാമെന്നാണ് താന്‍ കരുതുന്നതെന്ന് ടിം റ്റോംപ്‌സണ്‍ ദി കോണ്‍വര്‍സേഷനു വേണ്ടി എഴുതി പിടിഐ പുഃനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ബഹിരാകാശത്തെ അന്യഗ്രഹ ജീവികളായിട്ടായിരിക്കും നമ്മുടെ ശരീരത്തെ കാണാനാകുക. ഇതിനാല്‍ തന്നെ ബഹിരാകാശത്ത് സംസ്‌കാരങ്ങള്‍ നടത്താനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടണമെന്നും ലേഖനം പറയുന്നു. 

∙ ഇന്ത്യയിലെ എയ്‌സര്‍ കമ്പനിക്കു നേരെ ഹാക്കര്‍മാരുടെ ആക്രമണം

തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ എയ്‌സറിന്റെ ഇന്ത്യന്‍ വിഭാഗത്തിനു നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഡെസോര്‍ഡന്‍ (Desorden) എന്ന ഹാക്കര്‍ ഗ്രൂപ്പ് അവകാശപ്പെട്ടു. ഒക്ടോബര്‍ 5നാണ് ആക്രമണം നടന്നത്. ആക്രമണം വഴി 60 ജിബിയോളം സ്വകാര്യ ഡേറ്റ കവര്‍ന്നിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3000 റീട്ടെയിലര്‍മാരുടെയും വിതരണക്കാരുടെയും ലോഗ് ഇന്‍ ഡീറ്റെയിൽസ് അടക്കം ഉണ്ടെന്നാണ് ടോംസ് ഹാര്‍ഡ് വെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പണമടയ്ക്കല്‍ വിശദാംശങ്ങള്‍ അടക്കം ചോര്‍ത്തിയ ആക്രമണകാരികള്‍ തങ്ങള്‍ ശേഖരിച്ച ഡേറ്റയിലേക്ക് എത്തിനോട്ടത്തിന് അവസരം ഒരുക്കിയിട്ടുണ്ടെന്നും പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇത്തരത്തിലുള്ള ആക്രമണം എയ്‌സര്‍ നേരിടുന്നത്. നേരത്തെ നടന്ന ആക്രമണത്തില്‍ 50 ദശലക്ഷം ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് കമ്പനി തടിയൂരിയത്.

Tags