റെസ്റ്റ് ഹൗസുകളിൽ എല്ലാവർക്കും മുറിയെടുക്കാം ;നവംബർ ഒന്ന് മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും

google news
online booking
 

തിരുവനന്തപുരം ; മരാമത്ത് റെസ്റ്റ് ഹൗസുകളിൽ എല്ലാവർക്കും മുറി ബുക്ക് ചെയ്യാൻ കഴിയുന്നതിനുള്ള  സംവിധാനം നവംബർ 1 മുതൽ കേന്ദ്രീകൃത ഓൺലൈൻ ബുക്കിങ്ങായി   നടപ്പാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കു നിലവിലെ സൗകര്യം നഷ്ടപ്പെടാതെ റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളാക്കി മാറ്റും.

153 റെസ്റ്റ് ഹൗസുകളിലായി 1151 മുറികളുണ്ട്. ആദ്യഘട്ടത്തിൽ 30 റെസ്റ്റ് ഹൗസുകൾ നവീകരിക്കും. ഇതിനു കെടിഡിസി എംഡിയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തി. മുറികളുടെ നവീകരണം, ആധുനികീകരണം, ഫർണിച്ചർ, ഫർണിഷിങ് സൗകര്യം വർധിപ്പിക്കൽ എന്നിവയാണു നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്. ഒപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പാക്കും. ദീർഘദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പ്രധാന പാതയോടു ചേർന്നുള്ള റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷൻ നിർമിക്കും. 

സുരക്ഷ ഉറപ്പാക്കുന്നതിനായി റെസ്റ്റ് ഹൗസുകളിൽ സിസിടിവികൾ സ്ഥാപിച്ചു കേന്ദ്രീകൃത നിരീക്ഷണ സംവിധാനമേർപ്പെടുത്തും. ഗെസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരിൾക്കുള്ള സൗകര്യം വർധിപ്പിക്കും. മലമ്പുഴ, ചെറുതുരുത്തി ഗെസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികൾക്കു നേരിട്ട് ഓൺലൈ‍ൻ ബുക്കിങ് ഏർപ്പെടുത്തുന്നതു പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു

Tags