രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്

google news
രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്കെരുങ്ങുന്നതെന്നാണ് സൂചന.

മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുന്നത്. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനുള്ള ആലോചനകള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വോട്ടവകാശം രേഖപ്പെടുത്താന്‍ തയ്യാറെടുക്കുന്ന ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമയാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ് ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്ന വാര്‍ത്തകളോട് സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാസമയം പ്രതികരിക്കാന്‍ കഴിയാതെ വരുമോ എന്നതാണ് ഫേ്‌സ് ബുക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

രാഷ്ട്രീയക്കാരില്‍ നിന്നുള്ള പരസ്യങ്ങളുടെയും അവരുടെ പ്രചാരണങ്ങളുടേയും വസ്തുത ഫെയ്‌സ്ബുക്ക് പരിശോധിക്കാറില്ല. അമേരിക്കയിലെ പല ജനപ്രതിനിധികളും ഇതിനെതിരാണ്. ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കാനാകുമെന്ന് ഇവര്‍ പറയുന്നു.

അമേരിക്കയില്‍ അടുത്തിടെയുണ്ടായ വംശീയതയ്‌ക്കെതിരെയുള്ള പ്രതിഷേധ സമരക്കാരില്‍ നിന്നും വലിയ വിമര്‍ശനം ഫെയ്‌സ്ബുക്ക് നേരിടേണ്ടി വന്നിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളില്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ഇതിന് കാരണമായത്.

2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാഷ്ട്രീയ പരസ്യ വിതരണത്തില്‍ ഫെയ്‌സ്ബുക്ക് നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

Tags