പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും

google news
പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ഇത് തടയാന്‍ പുതിയ സവിശേഷത അവതരിപ്പിച്ച് ഫേസ്ബുക്ക്. ഉപയോക്താവ് ഫേസ്ബുക്കില്‍ ഒരു വാര്‍ത്ത കണ്ട് ഷെയര്‍ ചെയ്യുമ്പോള്‍, ലിങ്കുകൾ മൂന്ന് മാസം പഴക്കമുള്ളതാണെങ്കിൽ ഫെയ്സ്ബുക്ക് മുന്നറിയിപ്പ് നൽകും. ഇതുവഴി വാർത്തകളുടെ പശ്ചാത്തലം കൂടുതൽ മനസിലാക്കാൻ സാധിക്കും.

തങ്ങളുടെ പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നതില്‍ വലിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ഇത്തരം ഒരു മാറ്റം ഫേസ്ബുക്ക് ആലോചിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്ക് പുറത്തുവിട്ടിട്ടുണ്ട്.

ഉപയോക്താക്കൾ അവർ എന്ത് വായിക്കണം, എന്ത് വിശ്വസിക്കണം, പങ്കുവെക്കണം എന്നല്ലാം തീരുമാനിക്കുന്നതിൽ സമയം ഒരു വലിയ ഘടകമാണെന്ന തിരിച്ചറിവിലാണ് പുതിയ ഫീച്ചർ ചേർത്തിരിക്കുന്നത്. പഴയ വാർത്തകൾ പുതിയ വാർത്തകൾ എന്ന രീതിയിൽ പങ്കുവെക്കപ്പെടുന്നുവെന്നും ഇതുവഴി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടരാൻ സാധ്യതയുണ്ടെന്നും വിവിധ മാധ്യമ പ്രസിദ്ധീകരണങ്ങൾ ആശങ്കയറിയിച്ചിരുന്നുവെന്ന് ഫെയ്സ്ബുക്ക് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

പുതിയ ഫീച്ചർ വഴി 90 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഒരു വാർത്താ ലിങ്ക് ഫെയ്സ്ബുക്കിൽ പങ്കുവെക്കാൻ ഒരാൾ ശ്രമിക്കുമ്പോൾ ഒരു മുന്നറിയിപ്പ് പോപ് അപ്പ് വിൻഡോ ആയി പ്രത്യക്ഷപ്പെടും. ഇത് മൂന്ന് മാസം പഴക്കമുള്ള ലേഖനമാണ് എന്ന് മുന്നറിയിപ്പിൽ കാണിക്കും.

ഇത് കൂടാതെ മറ്റ് രീതികളിൽ തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും കോവിഡ് 19-മായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും ഫെയ്സ്ബുക്ക് പരീക്ഷിക്കുന്നുണ്ട്.

അതേസമയം, പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്‍മാറുന്ന പാശ്ചത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും, വിദ്വേഷ പോസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്ത് എത്തി.

Tags