ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഇ-സ്‌പോര്‍ട്‌സ് ഇവന്റുമായി ജിയോയും മീഡിയോടെക്കും

google news
 battlegrounds

ന്യൂഡല്‍ഹി: ജിയോയും മീഡിയാ ടെക്കും ചേര്‍ന്ന് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ ഒരു ഇ-സ്‌പോര്‍ട്‌സ് ഇവന്റ് സംഘടിപ്പിക്കുന്നു. 'ഗെയിമിങ് മാസ്റ്റേഴ്‌സ് 2.0' എന്നാണ് ഈ പരിപാടിയുടെ പേര്.  ജനപ്രിയമായ സ്മാര്‍ട്‌ഫോണ്‍ ഗെയിമാണ് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ. ഇന്ത്യയിലെ പ്രൊഫഷണല്‍ ഗെയിമര്‍മാരേയും ഗെയിമിങ് ആരാധകരേയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഗെയിമിങ് മാസ്റ്റേഴ്‌സിൻ്റെ ആദ്യ സീസണ്‍ ഫ്രീ ഫയറുമായി ചേര്‍ന്നാണ് സംഘടിപ്പിച്ചിരുന്നത്. 14000 ടീമുകള്‍ അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാമത്തെ ഗെയിമിങ് മാസ്റ്റേഴ്‌സിൻ്റെ  സമ്മാനങ്ങള്‍ ആരംഭിക്കുന്നത് 12 ലക്ഷം രൂപയിലാണ്. 

ഗെയിമര്‍മാര്‍ക്ക് ദിവസേന പങ്കെടുക്കാന്‍ സാധിക്കുന്ന 'പ്ലേ ആന്റ് വിന്‍ ഡെയ്‌ലി' സീരീസ് ദിവസേന ഉണ്ടാവും. ഇതില്‍ റിവാര്‍ഡുകള്‍ ലഭിക്കും. പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കെതിരെ അണിനിരക്കുകയും ചെയ്യാം. പബ്ജി മൊബൈല്‍ നിരോധനത്തിന് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ഗെയിമാണ് ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ. യഥാര്‍ത്ഥ പബ്ജി മൊബൈലിന് സമാനമായ ഗെയിം ആണെങ്കിലും ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 

കഴിഞ്ഞ ദിവസമാണ് ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യയുടെ നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പുതിയ ഗെയിം അവതരിപ്പിച്ചത്. പുതിയ മാപ്പും പുതുമയുള്ള ഗ്രാഫിക്‌സുകളും പബ്ജി: ന്യൂ സ്റ്റേറ്റിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പടെ 200 ല്‍ ഏറെ രാജ്യങ്ങളിലാണ് ഗെയിം അവതരിപ്പിക്കപ്പെട്ടത്.

Tags