സ്‌പെയിനില്‍ ഏഴു വര്‍ഷത്തിന് ശേഷം ഗൂഗിള്‍ ന്യൂസ് തിരിച്ചെത്തുന്നു

google
വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഗൂഗിള്‍,ഫേസ്ബുക്,തുടങ്ങി മുൻ നിര ടെക് കമ്പനികൾ വൻ പ്രതിസന്ധി നേരിടുകയാണ്.ഗൂഗിള്‍ ന്യൂസില്‍ ഉള്‍പ്പെടുത്തുന്ന ഉള്ളടക്കത്തിന് പ്രസാധകര്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതേ കാരണത്താലാണ് ഏഴു വര്‍ഷം മുന്‍പ് സ്പെയിനില്‍ ഗൂഗിള്‍ ന്യൂസ് സേവനം നിര്‍ത്തിയത്. എന്നാല്‍, നിയമഭേദഗതിക്ക് ശേഷം സ്പെയിനില്‍ വീണ്ടും ഗൂഗിള്‍ തിരിച്ചുവരികയാണ്. 2022 ആദ്യത്തില്‍ ഗൂഗിള്‍ ന്യൂസ് പുതിയ രൂപത്തില്‍ സ്പെയിനിലെ വായനക്കാര്‍ക്ക് ലഭ്യമാക്കുമെന്നാണ് കമ്ബനി ഔദ്യോഗിക ബ്ലോഗ് വഴി അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടര്‍ന്നാണ് 2014 ല്‍ ഗൂഗിള്‍ ന്യൂസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്‌പെയിനിലെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം 2015 ജനുവരി മുതല്‍ സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഗൂഗിളിനോട് നിര്‍ദേശിച്ചിരുന്നു. ഇതോടെ ഗൂഗിള്‍ പിന്‍മാറുകയായിരുന്നു.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്പെയിനിന്റെ ഓണ്‍ലൈന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പരിഷ്കരിക്കുകയാണ്. ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഗൂഗിള്‍ ന്യൂസ് സ്പെയിനില്‍ മടങ്ങിയെത്തുമെന്ന് യുഎസ് കമ്ബനി അറിയിച്ചിട്ടുണ്ട്. തങ്ങള്‍ വാര്‍ത്തകള്‍ മാത്രമാണ് നല്‍കുന്നതെന്നും ആ വാര്‍ത്തകളില്‍ കമ്ബനിയുടെ പരസ്യങ്ങള്‍ ഉല്‍പെടുത്തുന്നില്ലെന്നുമാണ് അന്ന് ഗൂഗിള്‍ സ്പെയിന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. പരസ്യം നല്‍കാത്തതിനാല്‍ തന്നെ പ്രസാധകര്‍ക്കും സര്‍ക്കാരിനും പണം നല്‍കാനാവില്ല എന്നതായിരുന്നു ഗൂഗിള്‍ തീരുമാനം.

പുതുക്കിയ നിയമപ്രകാരം സ്‌പെയിനിലെ മുഴുവന്‍ പ്രസാധകര്‍ക്കും പണം നല്‍കേണ്ടിവരില്ല. പകരം വ്യക്തിഗത പ്രസാധകരുമായി ഇത് സംബന്ധിച്ച്‌ ഗൂഗിളിന് ചര്‍ച്ച ചെയ്യാന്‍ കഴിയും. ഗൂഗിള്‍ ന്യൂസില്‍ സ്‌റ്റോറികള്‍ നല്‍കുന്നതിന് ഗൂഗിളില്‍ നിന്ന് പണം ഈടാക്കാന്‍ ചിലര്‍ക്ക് താല്‍പ്പര്യമുണ്ടാകാം. 

എന്നാല്‍, പണം നല്‍കണമോ വേണ്ടയോ എന്നത് ഇനി മുതല്‍ ഗൂഗിളിന് തന്നെ തീരുമാനിക്കാന്‍ കഴിയും. ഒരു പ്രസാധകനെ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും സാധിക്കും.

വരും മാസങ്ങളില്‍ സ്പാനിഷ് പ്രസാധകരുമായി കരാറുകളിലെത്താന്‍ ശ്രമിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. പുതിയ നിയമത്തിനു കീഴില്‍ അവരുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരാറുകളില്‍ എത്തിച്ചേരാന്‍ പ്രസാധകരുമായി വരും മാസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.