'ഗൂഗിൾ പേ' പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി

google news
'ഗൂഗിൾ പേ' പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ് 'ഗൂഗിള്‍ പേ' (Google Pay) പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതാണ് പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ട്.

ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പേ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള 'ഗൂഗിള്‍ പേ ഫോര്‍ ബിസിനസ്' ആപ്ലിക്കേന്‍ മാത്രമാണ് കാണുന്നത്. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആപ്പ് എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല. എന്തെങ്കിലും സാങ്കേതിക തകരാറായിരിക്കാനാണ് സാധ്യത.

അതേസമയം, പ്ലേസ്റ്റോറിന്‍റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്പിന്‍റെ പ്ലേസ്റ്റോര്‍ ലിങ്ക് വഴി നോക്കിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ച എസ്ബിഐയുടെ യുപിഐ സർവറുകൾ കൂട്ടത്തോടെ പണിമുടക്കിയത് ഗൂഗിൾ പേയ്ക്ക് തിർച്ചടിയായിരുന്നു. ഒരാഴ്ചയായി തുടർന്ന ടെക്ക്‌നിക്കൽ പ്രശ്‌നങ്ങൾക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായത്.

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഗൂഗിളിന്‍റെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഇന്ത്യയില്‍ വലിയ പ്രചാരം നേടിയത്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിള്‍ പേയെ വ്യത്യസ്തമാക്കുന്നത്.

Tags