ഗൂഗ്​ൾ പേ കാരണം ഇന്ത്യയിൽ കോടതി കയറാനൊരുങ്ങി ഗൂഗ്​ൾ

google news
google
ഡിജിറ്റൽ പേയ്​മെൻറ്​ ആപ്പായ ഗൂഗ്​ൾ പേ കാരണം ഇന്ത്യയിൽ കോടതി കയറാനൊരുങ്ങുകയാണ്​ ഗൂഗ്​ൾ. ഉപഭോക്താക്കളുടെ ബാങ്കിങ്, ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഗൂഗിള്‍ പേ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സംശയമാണ്​ ഗൂഗ്​ളിന്​ വിനയായത്. 

ഉപഭോക്താക്കളുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍,സംഭരണം എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹർജിയില്‍ പ്രതികരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി യുണീക്ക് ഐഡൻറിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, ആര്‍ബിഐ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്​. സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് മിശ്രയാണ് ഹർജി നൽകിയത്​.

ഇതുമായി ബന്ധപ്പെട്ട്​ നവംബര്‍ എട്ടിനുള്ളിൽ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും കോടതിയില്‍ നിലപാട് അറിയിക്കണം. ഒരു സ്വകാര്യ കമ്പനി എന്ന നിലയില്‍ പൗരന്മാരുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്ന്  ഹർജി നൽകിയ അഭിജിത്ത് മിശ്ര പറഞ്ഞു.

ഗൂഗിള്‍ പേ ആർ.ബി.ഐയില്‍ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ല,തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവായതിനാല്‍ ഗൂഗിള്‍ പേയ്ക്ക് ആര്‍ബിഐ അംഗീകാരം ആവശ്യമില്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ അറിയിച്ചിരുന്നു.

Tags