ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത ഗൂഗിള്‍

google news
ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത ഗൂഗിള്‍

ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന ആപ്ലീക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഉപയോക്താക്കള്‍ക്കായി ഹൃസ്വകാല വായ്പകള്‍ നല്‍കിയിരുന്ന ആപ്ലിക്കേഷനുകളായ ഓക്കെ ക്യാഷ്, ഗോ ക്യാഷ്, ഫ്ളിപ് ക്യാഷ്, സ്നാപ് ഇറ്റ് ലോണ്‍ എന്നിവയാണ് നീക്കം ചെയ്തത്.

ഉയര്‍ന്ന പലിശയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പേഴ്സണല്‍ ലോണ്‍ നയങ്ങളില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.

ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പ്ലേ ഡെവലപ്പര്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന ഗൂഗിള്‍ വക്താവ് അറിയിച്ചു. കൂടാതെ വ്യക്തിഗത വായ്പാ നിബന്ധനകളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനായി സേവന നയങ്ങള്‍ വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയമപരമായി കമ്പനിയില്ലായിരുന്നു. ഗൂഗിള്‍ നീക്കം ചെയ്ത ആപ്ലിക്കേഷനുകളെക്കുറിച്ച കൂടുതല്‍ അറിയാം..

ഓക്കെ ക്യാഷ്

3000 രൂപമുതല്‍ ഒരുലക്ഷം വരെ പേഴ്സണല്‍ ലോണ്‍ നല്‍കുന്ന ആപ്ലിക്കേഷനായിരുന്നു ഓക്കെ ക്യാഷ്. 91 ദിവസം മുതല്‍ 365 ദിവസം വരെയായിരുന്നു പണം തിരിച്ചടയ്ക്കുന്നതിനായി നല്‍കിയിരുന്ന കാലാവധി. കസ്റ്റമേഴ്സിന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ നോക്കിയശേഷമായിരിക്കും പലിശ നിരക്ക് തീരുമാനിക്കുകയെന്നതായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്.

ഗോ ക്യാഷ്

3000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ പേഴ്സണല്‍ ലോണായി നല്‍കിയിരുന്ന ആപ്ലിക്കേഷനാണ് ഗോ ക്യാഷ്. 91 ദിവസം മുതല്‍ 365 ദിവസം വരെയായിരുന്നു പണം തിരികെ നല്‍കുന്നതിനായി അനുവദിക്കുന്ന സമയപരിധി.

ഫ്ളിപ് ക്യാഷ്

ഇന്ത്യക്കാര്‍ക്കായി പേഴ്സണല്‍ ലോണ്‍ നല്‍കുന്നു എന്നുമാത്രമാണ് ഈ ആപ്ലിക്കേഷന്റെ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരുന്നത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

സ്നാപ് ഇറ്റ് ലോണ്‍

പേഴ്സണല്‍ ലോണ്‍ ലഭിക്കാന്‍ പുതിയ വഴികള്‍ എന്ന് മാത്രമായിരുന്നു ഈ ആപ്ലിക്കേഷന്റെ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

Tags