പുതുമകളുമായി ടെക് ഭീമന്‍ ഗൂഗിള്‍

പുതുമകളുമായി ടെക് ഭീമന്‍ ഗൂഗിള്‍

സേര്‍ച്ച് ഓണ്‍ ഇവന്റില്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ചില പുതുമകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇവ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ പ്രതിഫലിക്കുകയും ചെയ്യും. പുതിയ മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവ കേന്ദ്രമാക്കിയാണ് കൊണ്ടുവരുന്നത്.

ഇവയില്‍ ഏറ്റവും പ്രധാനം സ്‌പെല്‍ ചെക്കര്‍ ടൂളാണ്. നിങ്ങള്‍ ഏത്ര തെറ്റിച്ച് ഒരു വാക്കു ടൈപ്പു ചെയ്താലും നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് സേര്‍ച്ച് എൻജിന്‍ മനസിലാക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഏറ്റവും വലിയ അപ്ഡേറ്റ് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

തങ്ങള്‍ക്കു ലഭിക്കുന്ന പത്ത് ചോദ്യങ്ങളില്‍ ഒരെണ്ണത്തില്‍ സ്‌പെല്ലിങ് തെറ്റ് ഉറപ്പാണ് എന്നാണ് ഗൂഗിള്‍ എൻജിനീയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ കാത്തി എഡ്വെഡ്‌സ് പറയുന്നത്. കുറേ കാലമായി ഇക്കാര്യം പരിഹരിക്കാനായി ഗൂഗിള്‍, അന്വേഷകന്റെ മനസിലുള്ളതെന്ന് കമ്പനി കരുതുന്ന വാക്ക് ഡിഡ് യൂ മീന്‍ (Did you mean) എന്ന ചോദ്യത്തോടെ സേര്‍ച്ച് ബാറിനു താഴെ തന്നെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതായിരിക്കാം അന്വേഷകന്റെ മനസില്‍ എന്ന ഗൂഗിളിന്റെ അനുമാനമാണ് അവിടെ കാണിച്ചു വന്നത്.

ഈ മാസം അവസാനത്തോടെ ഒരു കൂറ്റന്‍ അപ്‌ഡേറ്റിലൂടെ ഡിഡ് യൂ മീന്‍ ഫീച്ചറിന് പുതിയ സ്‌പെല്ലിങ് അല്‍ഗോറിതം കൂടെ നല്‍കാനൊരുങ്ങുകയാണ് കമ്പനി. അല്‍ഗോറിതം ന്യൂറല്‍ നെറ്റ് ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. 689 ദശലക്ഷം ഘടകങ്ങള്‍ ക്ഷണത്തില്‍ പരിഗണിച്ചായിരിക്കും പ്രവര്‍ത്തനം. സ്‌പെല്ലിങ് അറിയില്ലാത്തതിനാല്‍ ഇനി സേര്‍ച്ചു ചെയ്യാതിരിക്കേണ്ട കാര്യമില്ല. അറിയാവുന്ന സ്‌പെല്ലിങ് ടൈപ്പു ചെയ്തിട്ടാല്‍ മതി, ഉത്തരം ഗൂഗിള്‍ തന്നോളും!