വാട്​സ്​ആപ്പ്​ യൂസർമാർക്ക്​ ഇതാ വരുന്നു ഒരു മുട്ടൻ പണി; പരിധിയില്ലാത്ത ബാക്കപ്പ്​ സേവനം ഗൂഗ്​ൾ നിർത്തിയേക്കും

whatsapp
വാട്​സ്​ആപ്പിലെ(Whatsapp) ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും മറ്റ്​ ഡോക്യു​മെൻറുകളും നിലവിൽ ഗൂഗ്​ൾ ഡ്രൈവിലാണ്(Google Drive)​ സ്​റ്റോർ ചെയ്​തുവെക്കുന്നത്​. അടുത്തകാലത്തായി ഗൂഗ്​ൾ(Google) പരിധിയില്ലാത്ത ക്ലൗഡ്​ സ്​റ്റോറേജ്​ സംവിധാനം നിർത്തലാക്കിയിരുന്നു. ഇനിമുതൽ ഗൂഗ്​ൾ ആപ്പുകളിൽ ഉപയോക്താക്കൾക്ക് പരമാവധി 15 ജിബി വരെ മാത്രമാണ്​ ഡാറ്റ ശേഖരിച്ചുവെക്കാൻ കഴയുക​. കൂടുതൽ വേണമെങ്കിൽ പണം നൽകേണ്ടി വരും. എന്നിട്ടും വാട്​സ്​ആപ്പ്​ യൂസർമാർക്ക്​ മാത്രം യഥേഷ്​ടം ആപ്പിലെ ബാക്കപ്പുകൾ ​ഗൂഗ്​ൾ ഡ്രൈവിലേക്ക്​ സംഭരിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ, അതിനും ഒടുവിൽ പരിധി നിശ്ചയിക്കാൻ പോവുകയാണ്​. വാട്ട്‌സ്ആപ്പ് ഉടൻ തന്നെ പരിധിയില്ലാത്ത ഡ്രൈവ് ബാക്കപ്പുകൾ അവസാനിപ്പിച്ച് ഗൂഗ്​ൾ ഡ്രൈവിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിന് ഒരു പരിമിത പ്ലാൻ അവതരിപ്പിച്ചേക്കും. ഈ  വിവരം പുറത്തുവിട്ടത്​ വാബീറ്റാഇന്‍ഫോ ആണ്. വാട്​സ്​ആപ്പ്​ ആപ്പിലേക്ക്​ വരാൻ പോകുന്ന പുതുപുത്തൻ ഫീച്ചറുകളെ കുറിച്ച്​ ആദ്യം റിപ്പോർട്ട്​ ചെയ്യാറുള്ളത് ഇവരാണ്.

whatsapp 

ഡ്രൈവിൽ പരിധിയില്ലാത്ത ബാക്കപ്പുകൾ വാഗ്ദാനം ചെയ്യുന്നതിനായി 2018ലായിരുന്നു ഗൂഗിളുമായി വാട്ട്‌സ്ആപ്പ് കരാറുണ്ടാക്കിയത്​. ഇപ്പോൾ യൂസർമാർക്ക്​ ജി-ഡ്രൈവിൽ ലഭ്യമാകുന്ന സ്റ്റോറേജ് ക്വാട്ടയിൽ കണക്കാക്കാതെ തന്നെ ഡ്രൈവിൽ പരിധിയില്ലാത്ത വാട്ട്‌സ്ആപ്പ് ബാക്കപ്പുകൾ ആസ്വദിക്കാനാകുന്നത്​ ഈ കരാർ കാരണമാണ്​. ഇതാണ്​ അവസാനിപ്പിക്കാൻ പോകുന്നത്​. ഇനിമുതൽ വാട്‌സ്​ആപ്പ്​ ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക.

2 ജിബി വാട്​സ്​ആപ്പ്​ ബാക്കപ്പ് ക്വാട്ട പലർക്കും​ ആഴ്​ച്ചകൾ കൊണ്ട്​ തീരുമെന്നിരിക്കെ, ആ പ്രശ്​നം പരിഹരിക്കാനായി വാട്​സ്​ആപ്പ്​ പുതിയ ഫീച്ചറി​ൻ്റെ  പണിപ്പുരയിലാണ്​. ബാക്കപ്പുകളുടെ ​വലിപ്പം പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി 'ബാക്കപ്പ്​ സൈസ്​ മാനേജർ' എന്ന പുതിയ സൗകര്യമാണ്​ കൊണ്ടുവരുന്നത്​. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പിൽ ഫോട്ടോകൾ, ഓഡിയോ, വീഡിയോകൾ, ഡോക്യുമെന്റുകൾ, മറ്റ് മീഡിയകൾ എന്നിവ ഉൾപ്പെടുത്താൻ (അല്ലെങ്കിൽ ഒഴിവാക്കാൻ) പുതിയ സവിശേഷത നിങ്ങളെ അനുവദിക്കും.