ആമസോണിനെയും ബിഗ്‌ബാസ്ക്കറ്റിനെയും പിന്നിലാക്കി അംബാനിയുടെ ജിയോമാര്‍ട്ട്

google news
ആമസോണിനെയും ബിഗ്‌ബാസ്ക്കറ്റിനെയും പിന്നിലാക്കി അംബാനിയുടെ ജിയോമാര്‍ട്ട്

ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തിലെ വന്‍കിട ആപ്പുകളായ ബിഗ്‌ ബാസ്ക്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്. പ്രവര്‍ത്തനം തുടങ്ങി രണ്ടു മാസത്തിനിടെയാണ് അസാമാന്യമായ ഈ നേട്ടം ജിയോമാര്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 2,50,000ലധികം ഓര്‍ഡറുകളാണ് പ്രതിദിനം ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. 2,20,000 ഓര്‍ഡറുകളാണ് ബിഗ്‌ബാസ്ക്കറ്റിന് ലഭിക്കുന്നത്. 1,50,000 ഓര്‍ഡറുകളാണ് ആമസോണ്‍ പാന്‍ട്രിക് ലഭിക്കുന്നത്.

ജിയോമാര്‍ട്ടിന് പ്രതിദിനം 2,50,000ലധികം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് റിലയന്‍സ് (Reliance) ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിദിന കണക്കുകള്‍ വെളിപ്പെടുത്താന്‍ തയാറാകാത്ത ഗ്രോഫേഴ്സിന് ദിനംപ്രതി ഒന്നര ലക്ഷത്തോളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് സൂചന.

രാജ്യത്തെ മുപ്പത് നഗരങ്ങളില്‍ മാത്രമാണ് ബിഗ്‌ബാസ്ക്കറ്റും ഗ്രോഫേഴ്സും ഏറ്റവും കൂടുതല്‍ പ്രതിദിന ഓര്‍ഡറുകല്‍ സ്വന്തമാക്കിയത് ഏപ്രിലിലാണ്. മൂന്നു ലക്ഷം ഓര്‍ഡറുകളാണ് ഏപ്രിലില്‍ ബിഗ്‌ബാസ്ക്കറ്റ് സ്വന്തമാക്കിയത്. 1,90,000 ഓര്‍ഡറുകളാണ് ഗ്രോഫേഴ്സ് ഏപ്രിലില്‍ സ്വന്തമാക്കിയത്.

എന്നാല്‍, പച്ചക്കറി-പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുമായി മെയ്‌ മാസത്തില്‍ ജിയോമാര്‍ട്ട് സേവനം ലഭ്യമാക്കിയത് 200 നഗരങ്ങളിലാണ്. പച്ചക്കറി-പഴ വര്‍ഗങ്ങള്‍ക്ക് പുറമേ പലചരക്ക്, പാലുത്പന്നങ്ങള്‍, ബേക്കറി, പെഴ്സണല്‍ കെയര്‍, ഹോംകെയര്‍, ബേബികെയര്‍ തുടങ്ങിയ സാധനങ്ങളും ജിയോമാര്‍ട്ടില്‍ ലഭ്യമാണ്.

ഇലക്ട്രോണിക്, ഫാഷന്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളും ഉടന്‍ ജിയോമാര്‍ട്ടില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 500-600 രൂപ വരെ ശരാശരി മൂല്യമുള്ള ഒരു ഓര്‍ഡറിന്‍റെ മൂല്യം ഇതിലൂടെ കൂടുതല്‍ ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

രാജ്യത്താകമാനമുള്ള റിലയന്‍സ് സ്റ്റോറുകള്‍ വഴി നിലവില്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞാണ് വിതരണം ചെയ്യുന്നത്. എംആർപിയിലും താഴ്ന്ന വിലയ്ക്ക് ലഭ്യമാക്കുന്ന പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് ഡെലിവറി ചാര്‍ജ്ജും കമ്പനി ഈടാക്കുന്നില്ല. എന്നാല്‍, വിലകുറച്ച് വില്‍ക്കുന്നതിനാല്‍ സാധനങ്ങള്‍ക്ക് ഗുണനിലവാരം കുറയുന്നു എന്ന ആക്ഷേപമുണ്ട്. നിരവധി പേരാണ് ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

Tags