ജിയോ ഫോണ്‍ നെക്സ്റ്റ് എത്താന്‍ വൈകും; ദീപാവലിയോടെ വിപണിയില്‍

google news
JioPhone Next launch postponed, to be available before Diwali
 

ജിയോ ഫോണ്‍ നെക്സ്റ്റ് വിപണിയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്തംബര്‍ 10 മുതല്‍ വിപണിയില്‍ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ദീപാവലിയോടെ മാത്രമേ ഈ ഫോണ്‍ പുറത്തിറങ്ങുവെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം രൂക്ഷമായതാണ് ഫോണ്‍ നെക്സ്റ്റ് ഇറങ്ങുന്നത് വൈകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് ജിയോ നിര്‍മിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ജിയോഫോണ്‍. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വ്യവസായരംഗം നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം നേരിടാനും ഫോണ്‍ അവതരണം വൈകിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ജിയോ ഫോണ്‍ നെക്‌സ്റ്റ്. ജൂണില്‍ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിക്കപ്പെട്ടത്. ഫോണിന് 4000 രൂപയില്‍ താഴെ ആയിരിക്കും വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തുടങ്ങിയ എല്ലാ ആന്‍ഡ്രോയ്ഡ് സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഗൂഗിള്‍ അസിസ്റ്റന്‍റ് സപ്പോര്‍ട്ടും ഇതില്‍ ലഭിക്കും.

മുന്നിലും പിന്നിലും ക്യാമറയുമായാണ് ഗൂഗിള്‍ ജിയോ ഫോണ്‍ നെക്സ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. എച്ച്ഡിആര്‍ മോഡ് അടക്കം ക്യാമറയില്‍ ലഭ്യമാകും. ഇതില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ലഭ്യമാണ്. ക്യൂവല്‍കോം ചിപ്പ് സെറ്റായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റില്‍ എന്നാണ് സൂചന എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

എച്ച്ഡി ഡിസ്പ്ലേ ഫോണിന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്, 5.5 ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പത്തിലായിരിക്കും സ്ക്രീന്‍. 3,000 എംഎഎച്ച് മുതല്‍ 4,000 എംഎഎഎച്ച് ആയിരിക്കും ബാറ്ററി ശേഷിയെന്നാണ് റിപ്പോര്‍ട്ട്.

Tags