"കൂ" ആപ്പിന് വൻ ഡിമാൻഡ് തന്നെ !!

google news
koo web
 

ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിച്ച്‌ ഇന്ത്യക്കാര്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന ജനപ്രിയ മൈക്രോബ്ലോഗിങ് വെബ്‌സൈറ്റാണ് "കൂ".ട്വിറ്ററിന്റെ ഒരു മേക്ക് ഇന്‍ ഇന്ത്യ ബദല്‍. കൂ ആപ്പിന് ഇന്ത്യന്‍ ഉപഭോക്താക്കൾക്കിടയില്‍ പ്രതീക്ഷിച്ചതിനുമപ്പുറം സ്വാധീനം നേടാന്‍ ആയിട്ടുണ്ട്. രാജ്യത്തെ നിരധി രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഒക്കെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് ആളുകളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ നിരവധി സുരക്ഷാ ഫീച്ചറുകളും കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് വെരിഫൈഡ് അംഗങ്ങള്‍ക്കുള്ള യെല്ലോ ടിക്ക്. ട്വിറ്ററിലെ ബ്ലൂ ടിക്കിന് സമാനമാണ് കൂവിലെ യെല്ലോ ടിക്ക്. ഇത് സെലിബ്രിറ്റി അക്കൌണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് യെല്ലോ ടിക്ക് കൊണ്ട് വന്നത്. "ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശബ്ദങ്ങളുടെ അംഗീകാരമെന്ന നിലയ്ക്കാണ് യെല്ലോ ടിക്കിനെ കൂ അവതരിപ്പിക്കുന്നത്.


യെല്ലോ ടിക്ക് ലഭിക്കാന്‍
പ്ലാറ്റ്‌ഫോം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് കൂ എമിനന്‍സ് ടിക്ക് നല്‍കും. ബാഡ്ജ് ലഭിക്കുന്ന ഉപയോക്താക്കളുടെ ഔന്നത്യം, മഹത്വം, കഴിവുകള്‍, പ്രൊഫഷണല്‍ സ്റ്റാറ്റസ് എന്നിവയ്ക്കുള്ള അംഗീകാരമായി യെല്ലോ ടിക്കിനെ കാണാം. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ തരത്തിലാണ് മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ഏത് സമയത്തും ഇത് മാറ്റത്തിന് വിധേയമാകാമെന്നും കൂ പറയുന്നു. ഇന്റര്‍നെറ്റ് റിസര്‍ച്ചും പൊത് വിഭവങ്ങളും സംയോജിപ്പിച്ചാണ് കൂ എമിനന്‍സ് റെക്കഗ്നിഷന്‍ വിലയിരുത്തുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച്‌, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാനദണ്ഡങ്ങളുടെ അവലോകനം നടക്കുന്നു എന്ന് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നുമുണ്ട്. ആപ്പില്‍ നിന്ന് തന്നെയോ കമ്ബനിക്ക് eminence.verification@kooapp.com എന്ന വിലാസത്തിലേക്ക് മെയില്‍ അയച്ചോ, യെല്ലോ ടിക്ക് എമിനന്‍സ് വെരിഫിക്കേഷനായി ഉപയോക്താക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ പരിഗണിച്ച്‌ 10 ദിവസത്തിനകം കൂ മറുപടി നല്‍കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ചില സമയത്തെങ്കിലും കൂവില്‍ നിന്നുള്ള പ്രതികരണത്തിന് കുറച്ച്‌ കാല താമസവും ഉണ്ടായേക്കാം.

കൂ ആപ്പ് ജനപ്രിയമാകാന്‍ കാരണം.

ചൈനീസ് ബന്ധങ്ങള്‍ ഉള്ള നിരവധി ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സമയത്താണ് കൂ ആപ്പ് വെളിച്ചം കണ്ടത്. അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദാവത്ക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതും നിയന്ത്രിക്കുന്നതുമായ ഒരു ഇന്ത്യന്‍ ആപ്പാണ് കൂ ആപ്പ്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിലും കൂ ആപ്പ് വിജയിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 25 ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ നിയമങ്ങള്‍ പാലിക്കുന്നതിന് ഐടി മന്ത്രാലയം മൂന്ന് മാസത്തെ സമയപരിധി നല്‍കിയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിരോധിക്കപ്പെടുമെന്ന പ്രതീതിയും അന്ന് നിലനിന്നിരുന്നു. ആ സമയത്ത് ട്വിറ്റര്‍ അടക്കം സ്വീകരിച്ച നിലപാടുകളും കൂവിന് സഹായകരമായി. സര്‍ക്കാരിന്റെ എല്ലാ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ആദ്യം തന്നെ പാലിച്ച കൂവിന് പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയും കൂടിയായപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചു. 6 മില്ല്യണ്‍ ഇന്ത്യക്കാര്‍ കൂ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു.

Tags