രാഷ്ട്രീയ പരസ്യങ്ങള്‍ വേണ്ട: മാര്‍ക്ക് സക്കര്‍ ബര്‍ഗ്

google news
രാഷ്ട്രീയ പരസ്യങ്ങള്‍ വേണ്ട: മാര്‍ക്ക് സക്കര്‍ ബര്‍ഗ്

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ രാഷ്ട്രീയപരമായ പരസ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ സ്വാധീനിക്കാനുള്ള അവസരമൊരുക്കില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ്. അമേരിക്കയിലെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 2020ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പരസ്യങ്ങള്‍ വേണ്ടെന്ന് വയ്ക്കാനുള്ള അവസരമാണ് ഇതുവഴിയൊരുങ്ങുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൊവ്വാഴ്ച വിശദമാക്കി. യുഎസ്എ ടുഡേയോട് സക്കര്‍ബര്‍ഗ് തീരുമാനം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണത്തില്‍ നിന്ന് മുക്തി നേടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കും. വോട്ടര്‍ രജിസ്ട്രേഷന്‍, വിവിധ രീതിയില്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഉപഭോക്താവിന് ഫേസ്ബുക്ക് ലഭ്യമാക്കും. പ്രാദേശിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിവരങ്ങളും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

അമേരിക്കയിലെ പ്രായപൂര്‍ത്തിയായ ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍വ്വേയില്‍ തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടതെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിക്കുന്നു. ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് സംബന്ധിയായ വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്ത് വിട്ടിട്ടുണ്ട്. 20ലക്ഷം വോട്ടര്‍മാര്‍ക്ക് 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ സഹായിച്ചുവെന്നാണ് ഫേസ്ബുക്കിന്‍റെ വലിയിരുത്തല്‍.

തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളേക്കുറിച്ച് ഇത്രയധികം വിവരങ്ങള്‍ നല്‍കുമ്പോഴും രാഷ്ട്രീയ പരസ്യങ്ങളോട് മുഖം തിരിക്കാനുള്ള അവസരവും ഫേസ്ബുക്ക് ഒരുക്കുന്നുണ്ട്. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഈ സംവിധാനം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാകുമെന്നാണ് സുക്കര്‍ ബര്‍ഗ് യുഎസ്എ ടുഡേയോട് വിശദമാക്കിയത്.

Tags