മൊബൈൽ നിരക്കുകൾ കുത്തനെ കൂടാന്‍ സാധ്യത

google news
മൊബൈൽ നിരക്കുകൾ കുത്തനെ കൂടാന്‍ സാധ്യത

ന്യൂ ഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടിയേക്കുമെന്നാണ് വിപണി വിദഗ്ദരുടെ നിരീക്ഷണം.

അടുത്ത 7 മാസത്തിനുള്ളിൽ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആർ) കുടിശികയുടെ 10 ശതമാനം നൽകേണ്ടിവരുന്ന ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ വോയ്‌സ്, ഡേറ്റ സേവനങ്ങൾക്കായുള്ള ചുരുങ്ങിയ നിരക്ക് 10 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

ഭാരതി എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ അടക്കേണ്ടിവരും. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റ കണക്കനുസരിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 10 മുതൽ 27 ശതമാനം വർധിപ്പിക്കേണ്ടിവരും.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ എആർ‌പിയു എയർടെലിന് 157 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 114 രൂപയുമാണ്. ഇതിനാൽ തന്നെ നിരക്കുകൾ കുറഞ്ഞത് 10 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Tags