ഫൊട്ടോഗ്രാഫിയിൽ പുതിയനുഭവം; മികച്ച ക്യാമറ ഫീച്ചർ പുറത്തിറക്കാൻ സോണി

google news
ഫൊട്ടോഗ്രാഫിയിൽ പുതിയനുഭവം; മികച്ച ക്യാമറ ഫീച്ചർ പുറത്തിറക്കാൻ സോണി

സോണിയുടെ പുതിയ ക്യാമറാ സെന്‍സര്‍ എത്തുന്നതോടെ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ പുതുതുടക്കമാകും. വാവെയ് മെയ്റ്റ് പി50 ഈ സെന്‍സര്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഗൂഗില്‍ പിക്സലും ഈ സെന്‍സര്‍ ഉപയോഗിച്ചേക്കുമെന്നും എന്നാണ് വിവരം. ഐഫോണില്‍ പോലും ഇത്തരത്തിലൊരു മാറ്റം വന്നേക്കാം. ഐഫോണ്‍ 12 പ്രോ മാക്സില്‍ അല്‍പം വലുപ്പക്കൂടുതലുള്ള സെന്‍സര്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഉപയോഗിച്ചിരുന്നു. കമ്പനികള്‍ ഇനി കൂടുതല്‍ വലുപ്പമുള്ള സെന്‍സറുകള്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തെക്കുറിച്ചു ഗൗരവത്തില്‍ ചിന്തിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് പുതിയ ക്യാമറാ സെൻസറിന്റെ വരവ് സൂചിപ്പിക്കുന്നത്.

പരമ്പരാഗത ഡിജിറ്റല്‍ ക്യാമറകളുടെ ഏറ്റവും വലിയ മികവ് അവയുടെ വലുപ്പക്കൂടുതലുള്ള സെന്‍സറുകളാണ്. സ്മാര്‍ട് ഫോണുകളില്‍ നന്നെ ചെറിയ സെന്‍സറുകളും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവുമായിരുന്നു ഇതുവരെ ക്യാമറകളുടെ മികവു നിര്‍ണയിച്ചിരുന്നത്. സ്മാര്‍ട് ഫോണുകള്‍ക്കായി നിര്‍മിച്ച ആദ്യ ഒരു ഇഞ്ച് വലുപ്പമുള്ള സെന്‍സറാണിത്.

സോണിയുടെ പുതിയ സെന്‍സറിനെക്കുറിച്ച് അധികം കാര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ടെമെ എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ സെന്‍സറിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇത് സ്മാര്‍ട് ഫോണുകള്‍ക്കു വേണ്ടി നിര്‍മിച്ച ആദ്യ 1-ഇഞ്ച് സെന്‍സറാണെങ്കിലും ഈ വലുപ്പത്തിലുള്ള സെന്‍സര്‍ ഉള്‍ക്കൊള്ളിച്ച് നേരത്തെ തന്നെ ഫോണ്‍ ഇറക്കിയിട്ടുണ്ട്.

വലുപ്പം കൂടിയ സ്മാര്‍ട് ഫോണ്‍ സെന്‍സര്‍ എന്ന ആശയം ആപ്പിളിനും ആകര്‍ഷകമായിരിക്കും. ഈ വര്‍ഷത്തെ ഐഫോണില്‍ പുതിയ സെന്‍സര്‍ ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും പിക്സല്‍ ഫോണ്‍ ആരാധകര്‍ക്ക് പ്രതീക്ഷ നൽകുന്നു.

നിക്കോണ്‍ 1 സീരീസ് ക്യാമറകള്‍ പലര്‍ക്കും പ്രിയങ്കരമായിരുന്നു. ഇവയില്‍ 1-ഇഞ്ച് വലുപ്പമുള്ള സെന്‍സറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രൊഫഷണലുകളല്ലാത്ത ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന തരത്തിലുള്ളവയായിരുന്നു അവയുടെ പ്രകടനം.

Tags