വൺപ്ലസ് 9 ശ്രേണിയിലെ ആദ്യ 'T' ഫോൺ വിപണിയിലേക്ക്; ലോഞ്ച് ഈ മാസം 13ന്

google news
one plus T

 ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് മാർച്ചിലാണ്‌ പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയായ വൺപ്ലസ് 9 അവതരിപ്പിച്ചത്. ആറ് മാസങ്ങൾക്ക് ശേഷം വൺപ്ലസ് 9 ശ്രേണിയിലേക്ക് ഒരു പുത്തൻ സ്മാർട്ട്ഫോൺ ചേർക്കാനൊരുങ്ങുകയാണ് കമ്പനി. വൺപ്ലസ് 8 ശ്രേണി അവതരിപ്പിച്ച് അധികം താമസമില്ലാതെ അല്പം മാറ്റങ്ങളുമായി വൺപ്ലസ് 8T അവതരിപ്പിച്ചതിന് സമാനമായി T എന്ന വാൽക്കഷണവുമായാണ് പുതിയ മോഡൽ എത്തുക. അതെ സമയം അടിസ്ഥാന വൺപ്ലസ് 9 ഫോണല്ല പകരം ഇന്ത്യ സ്പെഷ്യൽ ആയി അവതരിപ്പിച്ച വൺപ്ലസ് 9R മോഡലിനാണ് T പതിപ്പെത്തുക. ഈ മാസം 13നാണ് വൺപ്ലസ് 9RTയുടെ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ അതെ സമയത്ത് തന്നെ ചൈനയിലും വൺപ്ലസ് 9RTയുടെ അവതരണം നടക്കും. 2,000 യുവാനും(ഏകദേശം 23,300 രൂപ) 3,000 യുവാനും (ഏകദേശം 34,900 രൂപ) ഇടയിലാണ് വൺപ്ലസ് 9RTയുടെ വില ചൈനയിൽ പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 9Rന്റെ വില ഇന്ത്യയിൽ 36,999 രൂപയിൽ ആരംഭിക്കുന്നതുകൊണ്ട് വൺപ്ലസ് 9RTയുടെ വില അതിനേക്കാൾ കൂടാനാണ് സാദ്ധ്യത.വൺപ്ലസ് പുറത്ത് വിട്ട ടീസറുകൾ അനുസരിച്ച് വൺപ്ലസ് 9RTയ്ക്ക് 50 മെഗാപിക്സൽ ക്യാമറ സെൻസർ, വാർപ്പ് ഫ്ലാഷ് ചാർജ്, 50 മെഗാപിക്‌സൽ പ്രൈമറി കാമറ എന്നിവയുണ്ടാകും. മറ്റുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ആൻഡ്രോയിഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നനുസരിച്ച് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള വൺപ്ലസ് 9Rലെ 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ തന്നെയാണ് വൺപ്ലസ് 9RTയിലും ഇടം പിടിക്കുക. മാത്രമല്ല 3D കോർണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും ഈ ഡിസ്‌പ്ലേയ്ക്കുണ്ടാവും. വൺപ്ലസ് 9Rലെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയും പുത്തൻ T ഫോണിൽ ഇടം പിടിക്കും. വൺപ്ലസ് 9Rലെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസ്സർ ചില പരിഷ്‌കാരങ്ങൾ വരുത്തിയാണ് വൺപ്ലസ് 9RT പതിപ്പിൽ ഇടം പിടിക്കുക. ആൻഡ്രോയിഡ് 12 അടിസ്ഥാനമായ ഓക്‌സിജൻ ഓഎസ് 12 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

Tags