പേടിഎം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചു

google news
പേടിഎം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചു

ന്യൂ ഡല്‍ഹി: ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നിന്നും പേടിഎം ആപ്പിനെ താൽക്കാലികമായി ഒഴിവാക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ തീരും മുൻപേ പേടിഎം തങ്ങളുടെ സ്വന്തം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചിരിക്കുകയാണ്. ഓരോ ആപ്പുകളും പ്രത്യേകം ഡൗൺലോഡ് ചെയ്യ്ത് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യകത.

പേടിഎം ആപ്പിലൂടെ തന്നെ മറ്റുള്ള ആപ്പുകൾ ഉപയോഗിക്കുവാനും സാധിക്കും. എച്ച്ടിഎംഎൽ, ജാവ സ്ക്രിപ്റ്റ് തുടങ്ങിയ പ്രോഗ്രാമിങ് ഉപയോഗിച്ച് വികസിപ്പിച്ച ചിലവ് കുറഞ്ഞ ആപ്പുകളാണ് പേടിഎം മിനി ആപ്പ് സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.

പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ് ബാങ്ക്, യുപിഐ എന്നിവയുൾപ്പെടെ സൗജന്യ പേയ്‌മെന്റ് വഴികളും പേടിഎം ഡെവലപ്പർമാർക്ക് നൽകും. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾക്ക് രണ്ട് ശതമാനം അധിക ചാർജ് ഈടാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡവലപ്പർമാർക്ക് ഉപയോക്താക്കളുമായി മികച്ച രീതിയിൽ ഇടപഴകുന്നതിന് അനലിറ്റിക്‌സ്, പേയ്‌മെന്റ് ശേഖരണം, വിവിധ മാർക്കറ്റിംഗ് ഡിവൈസുകൾ എന്നിവയ്‌ക്കായി പേടിഎം ഒരു ഡാഷ്‌ബോർഡും നൽകിയിട്ടുണ്ട്.

പേയ്‌മെന്റുകൾ പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ്സ് ബാങ്ക്, യുപിഐ, നെറ്റ്-ബാങ്കിങ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നടത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിന്റെ പ്രവർത്തനരീതി കണക്കാക്കുവാൻ ഡവലപ്പർ ഡാഷ്‌ബോർഡ്, നിരവധി മാർക്കറ്റിംഗ് ടൂളുകൾ തുടങ്ങിയവയും പേടിഎം മിനി ആപ്പ് സ്റ്റോറിൽ നൽകിയിരിക്കുന്നു. മിനി ആപ്പ് സ്റ്റോർ കുറച്ചുകാലമായി രാജ്യത്ത് ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.

ഗൂഗിൾ പ്ലേയിൽ നിന്ന് അടുത്തിടെ പിൻ‌വലിച്ച പ്രധാന ഇന്ത്യൻ ആപ്ലിക്കേഷനുകളിൽ ഒന്നാണ് പേടിഎം. പേടിഎം അതിന്റെ കണ്ടെന്റ് നിയമങ്ങൾ ലംഘിച്ചതിനാലാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതെന്ന് ഗൂഗിൾ പിന്നീട് വ്യക്തമാക്കിയിരുന്നു.

Tags