കള്ളക്കടത്തുകാര്‍ വാങ്ങിയത് പോലീസിന്റെ ഫോണ്‍; ക്രിമിനല്‍ ശൃംഖല തകര്‍ത്ത് എഫ്ബിഐ

anom

കുറ്റവാളികള്‍ക്കിടയില്‍ രഹസ്യമായി എന്‍ക്രിപ്റ്റഡ് ഫോണുകള്‍ വിതരണം ചെയ്യുക. അതിന് ശേഷം പിന്നീടങ്ങോട്ട് നാട്ടിലെ സകല കുറ്റവാളികളുടേയും ആശയവിനിമയങ്ങള്‍ നിരന്തരം നിരീക്ഷിക്കുക, കുറ്റകൃത്യങ്ങളുടെ വ്യക്തമായ വിവരമറിഞ്ഞ ശേഷം കുറ്റവാളികളെ ഓരോരുത്തരായി പിടികൂടുക. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് അത്യപൂര്‍വമായ ഈ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്.

അമേരിക്കന്‍ നാടുകളിലെ മയക്കുമരുന്ന് മാഫിയയുമെല്ലാം ഹൈടെക്കായിട്ട് കുറേ കാലമായി. വിവരങ്ങള്‍ കൈമാറാന്‍ അവര്‍ എന്‍ക്രിപ്റ്റഡ് ഫോണുകൾ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 2018-ല്‍ കുറ്റവാളികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗത്തിലിരുന്ന ഫാന്റം സെക്വര്‍ എന്ന എന്‍ക്രിപ്റ്റഡ് ഫോണ്‍ ശൃംഖലയെ പോലീസ് തകര്‍ത്തതോടെയാണ് ഈ പുതിയ സ്റ്റിങ് ഓപ്പറേഷന് വഴിയൊരുങ്ങിയത്.

നിയമക്കുരുക്കിലായ ഫാന്റം സെക്വര്‍ ഫോണിന്റെ നിര്‍മാതാക്കള്‍ തങ്ങള്‍  അനോം (Anom) എന്ന പേരില്‍ മറ്റൊരു പുതിയ എന്‍ക്രിപ്റ്റഡ് ഉപകരണം നിര്‍മിക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചു. ഈ സംവിധാനത്തിന്റെ സേവനം എഫ്ബിഐയ്ക്കും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലിസിനും അവര്‍ വാഗ്ദാനം ചെയ്തു. തങ്ങള്‍ക്കുമേല്‍ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കി കിട്ടുന്നതിനാണ് ഈ ഓഫര്‍ അവര്‍ മുന്നോട്ടുവെച്ചത്.

മാഫിയ സംഘങ്ങൾ പുതിയതും കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്‌തെത്തിയ അനോം ഫോണുകള്‍ കൂട്ടത്തോടെ സ്വന്തമാക്കി. എന്‍ക്രിപ്റ്റഡ് സേവനം വാഗ്ദാനം ചെയ്യുന്നവയായിരുന്നുവെങ്കിലും എന്‍ക്രിപ്ഷന്‍ പൊളിക്കാനുള്ള താക്കോല്‍ കമ്പനി എഫ്ബിഐക്ക് കൈമാറിയിരുന്നു.

2021-ല്‍ സ്‌കൈ ഗ്ലോബല്‍ എന്ന മറ്റൊരു എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനം കൂടി എഫ്ബിഐ അടച്ചുപൂട്ടിയതോടെ കൂടുതല്‍ ആളുകള്‍ അനോം നെറ്റ്വര്‍ക്കിലേക്ക് കടന്നു വന്നു.

300 ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ അനോം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. അനോം ഡാറ്റ ഉപയോഗിച്ചുള്ള നടപടികളേക്കാളുപരി, ഇത്തരം എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങള്‍ക്ക് മേല്‍ കുറ്റവാളി സംഘങ്ങള്‍ വച്ച് പുലര്‍ത്തിയിരുന്ന അമിതവിശ്വാസത്തില്‍ വിള്ളലേല്‍പ്പിക്കാന്‍ ഓപ്പറേഷനിലൂടെ സാധിച്ചുവെന്നും എഫ്ബിഐ പറഞ്ഞു.