നിയമം നടപ്പിലായാൽ ഐഫോണുകളുടെയും മറ്റുചില കമ്പനികളുടെ ഹാൻഡ്സെറ്റുകളുടെയും ഡിസൈൻ തന്നെ മാറ്റേണ്ടിവരും. ഒന്നിലധികം ഹാൻഡ്സെറ്റുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് മാലിന്യം കുറയ്ക്കാനും ജീവിതം ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യൂറോപ്യൻ യൂണിയൻ്റെ പുതിയ നിമയങ്ങൾ. ഈ നിയമങ്ങൾക്കനുസൃതമായി യുഎസ്ബി-സി ചാർജിങ് പോർട്ടുകൾ ഉപയോഗിക്കാൻ ആപ്പിളിന് ഐഫോണുകൾ പുനർരൂപകൽപന ചെയ്യേണ്ടി വന്നേക്കാം.
ഐഫോണുകളിലെ ലൈറ്റ്‌നിങ് കേബിൾ ആപ്പിളിന് ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന. സ്മാർട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ, ചില ഹെഡ്‌ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ എന്നിവയ്ക്കും ഒരൊറ്റ തരം ചാർജിങ് പോർട്ട് ഉപയോഗിക്കണമെന്നാണ് യൂറോപ്യൻ കമ്മിഷൻ വ്യാഴാഴ്ച പറഞ്ഞത്.
‘കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് അത്രയും ചാർജറുകൾ വാങ്ങേണ്ടിവരുന്നു, ഇതിൻ്റെ ആവശ്യമില്ല, ഞങ്ങൾ അത് അവസാനിപ്പിക്കുകയാണ്’ എന്നാണ് യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൻ പറഞ്ഞത്.
ഐഫോണില്‍ നിലവില്‍ ഉപയോഗിക്കുന്ന ലൈറ്റ്നിങ് ചാര്‍ജിങ് ടെക്നോളജി തന്നെ തുടരാനാണ് ആപ്പിളിന്റെ നീക്കം. കഴിഞ്ഞ വർഷത്തെ ഐഫോണുകളുടെ ബോക്സിൽ നിന്ന് ചാർജർ അഡാപ്റ്ററും ഒഴിവാക്കിയിരുന്നു. എല്ലാ ഫോണുകൾക്കും ഒരേ ചാർജർ ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇ- വേസ്റ്റ് വീണ്ടും കൂടുമെന്നാണ് ആപ്പിളിൻ്റെ നിഗമനം.
സ്മാര്‍ട് ഫോണ്‍ മേഖല ഇപ്പോള്‍ സി–ടൈപ്പ് ചാര്‍ജിങ്ങിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ഇതിനായി പ്രത്യേക നിയമ നിര്‍മാണം ആവശ്യമില്ലെന്നും പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ഈ മേഖലയുടെ ശക്തിയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആപ്പിള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.