ഡിഷ് ആന്റിന വഴി സെക്കൻഡിൽ 1 ജിബി വേഗമുള്ള ഇന്റർനെറ്റ്

google news
ഡിഷ് ആന്റിന വഴി സെക്കൻഡിൽ 1 ജിബി വേഗമുള്ള ഇന്റർനെറ്റ്

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ കമ്പനി മേധാവി ഇലോൺ മസ്ക് തന്നെ പുറത്തുവിട്ടു.

സെക്കൻഡിൽ 1 ജിബി വേഗമുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് ടെക് ലോകത്തെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. ജൂൺ 25 ന് ഫാൽക്കൺ 9 റോക്കറ്റ് വഴി 60 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ബഹിരാകാശത്ത് എത്തിയ മൊത്തം സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുടെ എണ്ണം 540 ആയി.

സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ബീറ്റാ പരിശോധന അവസരങ്ങൾ ജനങ്ങൾക്ക് നൽകാൻ പോകുന്നതിന്റെ റിപ്പോർട്ടുകളും വന്നുകഴിഞ്ഞു. ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ട്വിറ്ററിൽ വൈറലാണ്.

റെഡ്ഡിറ്റിൽ പ്രസിദ്ധീകരിച്ച ബീറ്റയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ബീറ്റാ ടെസ്റ്റിങ് ലഭ്യമാകുക. സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സംവിധാനത്തിന് നിലവിൽ 44 ഡിഗ്രി മുതൽ 52 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിൽ മാത്രമേ ഇന്റർനെറ്റ് സേവനം നൽകാൻ കഴിയൂ. സമ്പൂർണ സേവനം ലഭ്യമാക്കാൻ 800 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.

Tags