വാൽവിൽ തകരാർ; സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു

google news
 SpaceX will wait ‘a few days’ for the next launch attempt
 

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാറിനെ തുടർന്നാണു വിക്ഷേപണം ഒഴിവാക്കിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്കു യുഎസിലെ ടെക്സസിൽനിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പ്.

തകരാര്‍ പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്നു സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാര്‍ഷിപ് സംവിധാനം. പൂര്‍ണമായി സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണു നിര്‍മിച്ചത്.

നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ കോളനിയുണ്ടാക്കാന്‍ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം.
 
മീഥെയ്ന‍ാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഭാവിയിൽ ഉപയോഗിക്കാമെന്നാണു കണക്കുകൂട്ടൽ. റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.
 

Tags