ടിക് ടോക്ക് സിഇഒ കെവിന്‍ മേയര്‍ രാജിവെച്ചു

google news
ടിക് ടോക്ക് സിഇഒ കെവിന്‍ മേയര്‍ രാജിവെച്ചു

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ സിഇഒ കെവിന്‍ മേയര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.

കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സിഇഒ ആയി നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്‌നിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കെവിന്‍ മേയര്‍. തുടര്‍ന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്.

ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് ടിക് ടോക്ക് നിരോധിക്കുന്നതെന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും തങ്ങളുടെ ആപ്പുകള്‍ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന വാദം നിരസിച്ചിട്ടുണ്ട്.

ആപ്പ് ഉപയോഗിക്കുന്ന യുഎസിലെ ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമേ തങ്ങള്‍ ശ്രമിച്ചിട്ടുള്ളുവെന്നും ടിക് ടോക്ക് മേധാവികള്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത്. ഇതിന് വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനീസ് കമ്പനിക്ക് നേരിടേണ്ടി വരിക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

Tags