അമേരിക്കയില്ലെങ്കില്‍ ടിക് ടോക്കിന് നിലനില്‍പ്പില്ലെന്ന് ട്രംപ്

google news
അമേരിക്കയില്ലെങ്കില്‍ ടിക് ടോക്കിന് നിലനില്‍പ്പില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും യുഎസ് കമ്പനിയ്‌ക്കോ കൈമാറുമ്പോള്‍ പ്രതിഫലത്തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറിയിലേക്ക് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും അമേരിക്കന്‍ കമ്പനിയ്‌ക്കോ സെപ്റ്റംബര്‍ 15 നുള്ളില്‍ ടിക് ടോക്ക് വില്‍ക്കുന്നില്ലെങ്കില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് മരവിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ തുക പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കണമെന്നും കാരണം അമേരിക്കയില്ലെങ്കില്‍ ആപ്പിന് നിലനില്‍പ്പില്ലെന്നും ട്രംപ് പറഞ്ഞു. ഭൂവുടമയും പാട്ടക്കാരനും തമ്മിലുള്ള ബന്ധമാണ് ഇതിലുള്ളതെന്നും അതിനാല്‍ പ്രതിഫലം നല്‍കാന്‍ ടിക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാന്‍സ് ബാധ്യസ്ഥമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരമൊരു നടപടിയ്ക്ക് യുഎസ് ഭരണകൂടത്തിന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ടിക് ടോക്ക് വാങ്ങുന്നതിന് മൈക്രോസോഫ്റ്റിന് അനുമതി നല്‍കുന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ലെന്നാണ് ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തികോദ്യോസ്ഥന്‍ സൂചിപ്പിക്കുന്നത്.

വില്‍പന സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ചര്‍ച്ച നടത്താന്‍ ബൈറ്റ് ഡാന്‍സിന് ട്രംപ് ചൊവ്വാഴ്ച അനുമതി നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സിഇഒയുമായി നടത്തിയ ചര്‍ച്ചയും ചില ഉപദേഷ്ടാക്കളുടെ സമ്മര്‍ദവും ട്രംപിനെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതായാണ് സൂചന. ടിക് ടോക്കിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റും പ്രസ്താവന പുറത്തു വിട്ടിരുന്നു.

Tags