ഹാക്കിങ് ഭീഷണി ട്വിറ്ററിന് അപഖ്യാതിയാകുമോ?

google news
ഹാക്കിങ് ഭീഷണി ട്വിറ്ററിന് അപഖ്യാതിയാകുമോ?

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സിന് പുറമേ, ബാരാക് ഒബാമ, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, ടെസ്‍ല ഉടമ എലോൺ മസ്ക് തുടങ്ങി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ ചൂടേറിയ ചർച്ചകളാണ് ടെക് ലോകത്ത് ഇപ്പോൾ സജീവമായിരിക്കുന്നത്.

വ്യാജ വെബ്സൈറ്റിന്‍റെ ബിറ്റ്‌കോയിൻ അക്കൗണ്ടിലേക്ക് 1000 ഡോളര്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ തിരികെ ലഭിക്കും എന്ന സന്ദേശം ദൃശ്യമായതിനു പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അദൃശ്യമാവുകയായിരുന്നു. പാസ്‍വേർ‍ഡ് മാറ്റാനുള്ള ശ്രമം ഫലം കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. പ്രശ്നത്തിന് പരിഹാരം കാണുവാൻ ട്വിറ്റര്‍ ടീം പരിശ്രമത്തിലാണെന്ന് പറഞ്ഞ അദ്ദേഹം, എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തിയാല്‍ അത് എല്ലാവരെയും അറിയിക്കുമെന്നും ട്വീറ്റ് ചെയ്തു.

ജാക്ക് ഡോര്‍സി

ട്വിറ്ററിന്‍റെ ഔദ്യോഗിക പ്രശ്ന പരിഹാര വിഭാഗമായ ട്വിറ്റര്‍ സപ്പോര്‍ട്ടും പ്രതികരണം അറിയിച്ചിട്ടുണ്ട്. ഒരു സുരക്ഷ പ്രശ്നം ഉണ്ടായി എന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു കഴിഞ്ഞു, കൂടുതൽ വിവരങ്ങള്‍ ഉടനെ വെളിപ്പെടുത്തും. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും അതില്‍ നിന്നും ഇപ്പോള്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ട്വിറ്റര്‍ സപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇത് ട്വിറ്റര്‍ ജീവനക്കാരെ മാത്രമായി ലക്ഷ്യം വച്ച് നടന്ന ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണമാണെന്നും, ഇന്‍റേണല്‍ സിസ്റ്റങ്ങളും ടൂളുകളും പ്രയോജനപ്പെടുത്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നുമാണ് ട്വിറ്റര്‍ സപ്പോര്‍ട്ട് പറയുന്നത്.

ആപ്പിൾ, ഊബർ എന്നിവയുടെ അക്കൗണ്ടുകളാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. തൊട്ടുപിന്നിൽ എലോൺ മസ്ക്, ബില്‍ ഗേറ്റ്സ് എന്നിവരുടെയും അക്കൗണ്ടുകളില്‍ സമാന പ്രശ്നം നേരിട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഒബാമ, ബൈഡൻ, മൈക്ക് ബ്ലൂംബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരുടെ അക്കൗണ്ടുകൾക്കും പ്രശ്‌നം സംഭവിക്കാൻ തുടങ്ങി. ബോക്സർ, ഫ്ലോയ്ഡ് മെയ്‌വെതറിന്‍റെയും സെലിബ്രിറ്റി, കിം കർദാഷിയാന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു. എന്നാല്‍, നാല് മണിക്കൂറിനുള്ളിൽ, ട്വീറ്റുകൾ പഴയ നിലയിലേക്ക് മാറുകയും ട്വീറ്റുകളിൽ പ്രൊമോട്ട് ചെയ്ത ബിറ്റ്‌കോയിൻ വാലറ്റിന് കുറഞ്ഞത് 300 ഇടപാടുകൾ വഴി ഒരു ലക്ഷം ഡോളർ ലഭിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉന്നതരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ക്ക് കുരുക്കിടാൻ സാധിച്ചത് പ്രസ്തുത പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ക്ക് വഴിയൊരുക്കുകയാണ്. അമേരിക്കയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിറ്റര്‍ ഒരു പ്രധാനപ്പെട്ട മാധ്യമമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കോര്‍പ്പറേറ്റ് കമ്പനി മേധാവികളും ട്വിറ്ററില്‍ സജീവമാണ്.

വ്യാജ അക്കൗണ്ടുകള്‍ നിർമിച്ചും പരസ്യ വിതരണ സംവിധാനങ്ങള്‍ ദുരുപയോഗത്തിനിടയാക്കിയുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടല്‍ സംഭവിച്ചത്. ട്വിറ്ററിന്റെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് കോട്ടം സംഭവിക്കുന്ന ഈ ഘട്ടത്തില്‍ ട്വിറ്റര്‍ തിരഞ്ഞെടുപ്പിന് ഭീഷണിയാവുമോ എന്ന സംശയവും ഉയരുന്നുണ്ട്.

Tags