ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

google news
ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

വാഷിങ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം പറയാന്‍ കഴിയില്ല. എന്നിരുന്നാലും അത്തരമൊരു ആലോചന നടക്കുന്നുണ്ട്, എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈവശം എത്തുന്നത് ആഗ്രഹിക്കുന്നവര്‍ക്ക് ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് പോംപിയോ പറഞ്ഞു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തിന് നേരത്തെ പോംപിയോ പിന്തുണ അറിയിച്ചിരുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇതിനോടകം 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകഴിഞ്ഞു. രാജ്യസുരക്ഷ, പ്രതിരോധം എന്നിവയ്ക്ക് തടസം നില്‍ക്കുന്നതിന് ആപ്ലിക്കേഷനുകള്‍ വഴി തുറന്നുവെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിഘാതമാവുന്നുവെന്നും കാണിച്ചാണ് ആപ്പുകള്‍ നിരോധിച്ചത്.

ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags