നിറം മാറുന്ന പുത്തൻ പ്രത്യേകതയുമായി വിവോ 23 പുറത്തിറങ്ങി

vivo 23
മുംബൈ: പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വി21 ശ്രേണിയുടെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ്.പുതിയ സ്മാര്‍ട്ഫോണുകളായ വിവോ വി23 5ജി, വിവോ വി23 പ്രോ 5ജി പതിപ്പുകളും ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

29,900 രൂപ മുതല്‍ 34,990 രൂപവരെയാണ് വി 23 5ജിയുടെ വില. വി 23 പ്രോ 5ജി 38,990 മുതല്‍ 43,990 രൂപയാണ് വില.ഫ്‌ളൂറൈറ്റ് എജി ഗ്ലാസ് ബാക്ക് ആണ് ഇരു ഫോണിലെയും കൗതുകരമായ ഫീച്ചര്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് സ്വയം നിറംമാറാന്‍ കഴിയുന്ന ഫ്‌ളൂറൈറ്റ് ആന്റി ഗ്ലെയര്‍ ഗ്ലാസ്സാണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.

വിവോ V23 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്ന പതിപ്പിന് 29,990 രൂപയാണ് വില. 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്ന പുതിയ പതിപ്പിന് 34,990 രൂപ ചെലവാക്കണം. അതെ സമയം വിവോ V23 പ്രോ 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉള്‍പെടുന്ന പതിപ്പിന് 38,990 രൂപയും, 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉള്ള പതിപ്പിന് 43,990 രൂപയുമാണ് വില. രണ്ട് ഫോണുകളും സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക്, സണ്‍ഷൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ വാങ്ങാം.

മീഡിയടെക് ഡൈമെന്‍സിറ്റി പ്രോസസറുകളില്‍ പ്രവര്‍ത്തിക്കുന്ന വിവോ V23 ശ്രേണിയിലുള്ള ഫോണുകള്‍ക്ക് ഫുള്‍-എച്ച്‌ഡി + അമോലെഡ് ഡിസ്പ്ലേകള്‍, 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ എന്നിവയുമുണ്ട്.

വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്, പ്രമുഖ ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വിവോ V23 ശ്രേണിയുടെ വില്പന ക്രമീകരിച്ചിരിക്കുന്നത്. വിവോ V23 5ജിയുടെ വില്പന ഈ മാസം 19 മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോ പതിപ്പിന്റെ വില്പന 13 മുതല്‍ തന്നെ ആരംഭിക്കും. അതേ സമയം ഇന്ന് മുതല്‍ തന്നെ ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.