
കഴിഞ്ഞ ദിവസം അവസാനിപ്പിച്ച ആസ്റ്ററിന്റെ ബുക്കിങ് എംജി മോട്ടോർ ഇന്ന് വീണ്ടും ആരംഭിച്ചു. പക്ഷെ ഇനി ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം മാത്രമേ ഡെലിവെറിയുണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കിട്ടിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ ലഭ്യമായ ഇൻട്രൊഡക്ടറി വിലയിലാവില്ല ഇനി ബുക്ക് ചെയ്യുന്നവർക്ക് ആസ്റ്റർ ലഭിക്കുക. ജനുവരിയോടെ ആസ്റ്ററിന്റെ വില വർദ്ധിക്കും. പുതിയ വിലക്കായിരിക്കും ഇനി ബുക്ക് ചെയ്യുന്നവർക്ക് ആസ്റ്റർ ലഭിക്കുക.
സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംജി ആസ്റ്റർ വില്പനക്കെത്തിയിരിക്കുന്നത്. 9.78 ലക്ഷം മുതൽ 16.78 ലക്ഷം വരെയാണ് ഇൻട്രൊഡക്ടറി വില. യഥാർത്ഥത്തിൽ ZS ഇവിയുടെ പെട്രോൾ എഞ്ചിനുള്ള സഹോദരനാണ് ആസ്റ്റർ. അതെ സമയം പരിഷകരിച്ചെത്തിയ ഹെക്ടറിന്റ ഗ്രില്ലിനോട് സാദൃശ്യം തോന്നും വിധമാണ് ആസ്റ്ററിന്റെ ഗ്രില്ലിലെ ക്രോം സ്റ്റഡ് പാറ്റേൺ. എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ ചേർന്ന പുതിയ ഹെഡ്‍ലാംപ്, 17 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഫോക്സ് സ്കിഡ് പ്ലെയ്റ്റ് ചേർന്ന പുറകിലെ ബമ്പർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. സ്പൈസ്ഡ് ഓറഞ്ച്, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് നിറങ്ങളിൽ എംജി ആസ്റ്റർ വാങ്ങാം.