പറഞ്ഞാൽ കേൾക്കും അലാറം ക്ലോക്ക്

google news
clock

ഉണർത്താനുള്ള അലാം ക്ലോക്കിന്റെ പണി മൊബൈൽ ഫോണിനെ ഏൽപിക്കുന്നതിനുപകരം ടൈംപീസിനെ ഏൽപിച്ചാൽ, അതിനു മാത്രമായെന്തിനൊരു ടൈംപീസ് എന്ന മറുചോദ്യമാകും ഉത്തരം. പക്ഷേ, ടൈംപീസൊക്കെ വേറെ ലെവൽ ആയിരിക്കുകയാണ്. എല്ലാ സ്മാർട് ആകുമ്പോൾ ടൈംപീസും സ്മാർട്ട് ആകുകയാണ്. ലെനോവോയുടെ സ്മാർട് ക്ലോക്ക് എസൻഷ്യൽ ഇതിന് ഒരു ഉദാഹരണമാണ്. ഡിജിറ്റൽ ആയി സമയം തെളിയുന്നൊരു ടൈംപീസാണ് കാഴ്ചയിൽ. എന്നാൽ ഗൂഗി‍ൾ സ്മാർട് അസിസ്റ്റന്റ് സംവിധാനമുള്ള സ്പീക്കർ സഹിതമാണ് ഈ ഉപകരണം എത്തുന്നത്. ‘ഹെയ് ഗൂഗിൾ’ എന്നു വിളിച്ച് കാലാവസ്ഥ ചോദിക്കാം, വാർത്തയോ പാട്ടോ ആവശ്യപ്പെടാം. 3 വാട്സ് സ്പീക്കറാണ് ക്ലോക്കിൽ ഉള്ളത്.

പ്ലഗ് പോയിന്റിൽ കണക്ട് ചെയ്താൽ 4–ഇഞ്ച് സ്ക്രീനിൽ ദിവസം, സമയം, അന്തരീക്ഷ താപനില, അലാം ഓൺ/ഓഫ് വിവരം എന്നിവ ലഭിക്കും. എന്നാൽ ഗൂഗിൾ ഹോം ആപ് വഴി ഫോണുമായി കണക്ട് ചെയ്താൽ കക്ഷി സ്മാർട്ടാകും. അങ്ങനെയാണ് നമുക്ക് ഗൂഗിൾ അസിസ്റ്റന്റ് സേവനങ്ങൾ ലഭിക്കുക.

ടൈംപീസിന്റെ പിന്നിലായി ചതുരാകൃതിയിൽ നൈറ്റ് ലാംപ് ഉണ്ട്. ഇതും വോയ്സ് കമാൻഡ് വഴി ഓൺ–ഓഫ് ചെയ്യാം. രാത്രി ഉണരേണ്ടിവന്നാൽ ലൈറ്റിടാൻ ഭിത്തിയിലെ സ്വിച്ച് തപ്പാൻ മടിച്ച്, തപ്പിത്തടഞ്ഞ് മറിഞ്ഞുവീഴാനൊക്കെ സാധ്യതയുള്ളവർക്ക് ഇത് ഉപകാരമാകും. പ്രകാശം ഇഷ്ടപ്രകാരം ക്രമീകരിക്കാനുമാകും. ബട്ടണുകൾ ഉണ്ടെങ്കിലും അലാം സെറ്റ് ചെയ്യാനും വോയ്സ് കമാൻഡ് ഉപയോഗിക്കാം. അലാം ഓഫാക്കാൻ ‘സ്റ്റോപ്’ പറഞ്ഞാൽ മതി. ഇതിന്റെ വില 4499 രൂപയാണ്.


 

Tags