ഇന്ത്യൻ സഞ്ചാരികളെ സ്വികരിക്കാൻ ഒരുങ്ങി അയര്‍ലൻഡ്; ഹ്രസ്വകാല പ്രവേശന വീസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ireland
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ സ്വികരിക്കാൻ ഒരുങ്ങി അയര്‍ലൻഡ്. അയര്‍ലൻഡിലേക്കുള  ഹ്രസ്വകാല പ്രവേശന വീസ പ്രോസസ്സിങ് പുനരാരംഭിച്ചു. സെപ്റ്റംബർ 13 മുതൽ ഇന്ത്യയിലെ അയര്‍ലൻഡ് വീസ അപേക്ഷകള്‍ സെന്‍ററുകളില്‍ സ്വീകരിച്ചു തുടങ്ങിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

പരമാവധി തൊണ്ണൂറു ദിവസത്തേക്കുള്ള വീസയാണ് ഇപ്പോള്‍ ലഭിക്കുക. കോവിഷീൽഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത ഇന്ത്യക്കാർക്ക് ഇപ്പോൾ  ഹ്രസ്വകാല പ്രവേശന വീസയ്ക്ക് അപേക്ഷിക്കാം. പൂർണമായും വാക്സിനേഷൻ എടുത്തവര്‍ക്കും ഈയടുത്ത കാലത്ത് കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും ക്വാറന്റീൻ  ആവശ്യമില്ല.

കോവിഡുമായി ബന്ധപ്പെട്ട് എന്‍ട്രി വീസ, പ്രീക്ലിയറന്‍സ് പ്രോസസ്സിങ് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. 

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ : 

  • ഇന്ത്യയിൽ നിന്ന് അയര്‍ലൻഡിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ പുറപ്പെടുന്നതിന് മുമ്പ്, പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ചു നല്‍കണം.
  • പൂര്‍ണ വാക്സിനേഷന്‍റെ സാധുവായ തെളിവ് കയ്യിലുള്ളവര്‍ക്ക്, യാത്രയുമായി ബന്ധപ്പെട്ട പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. വാക്സിൻ അവസാന ഡോസ് എടുത്ത് 15 ദിവസത്തിന് ശേഷം ഇന്ത്യൻ യാത്രക്കാർക്ക് അയർലണ്ടിൽ പ്രവേശിക്കാം.
  • 180 ദിവസത്തിനുള്ളിൽ കോവിഡ് -19 മുക്തരായ യാത്രക്കാര്‍ക്കും, മതിയായ തെളിവുള്ള പക്ഷം യാത്രയുമായി ബന്ധപ്പെട്ട പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. 
  • വാക്സിനേഷന്‍റെയോ കോവിഡ് -19 വിമുക്തിയുടെയോ സാധുവായ തെളിവ് കയ്യില്‍ ഇല്ലാത്തവര്‍ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ട്. അല്ലെങ്കിൽ 14 ദിവസത്തേക്ക് ക്വാറന്റീൻ തിരഞ്ഞെടുക്കാം. 
  • അയര്‍ലൻഡിൽ എത്തിയ ശേഷം അഞ്ചാം ദിവസം ആർടി-പിസിആർ പരിശോധന നടത്തി, നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കിൽ, ക്വാറന്റൈൻ തുടരേണ്ടതില്ല. 
  • യാത്രക്കാര്‍ നിലവിലെ വീസ പ്രോസസ്സിങ് സമയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. വിസിറ്റിംഗ്‌  വിസ നൽകുന്നതിന് 25 ദിവസവും, സ്റ്റഡി വിസയ്ക്ക് 20 ദിവസവും, ബിസിനസ് വീസയ്ക്ക് 10 ദിവസവും എടുക്കും.