അമ്മയും മകളും ബുള്ളറ്റിൽ കശ്മീരിലേക്ക്

bullet

പയ്യന്നൂർ: വിവാഹ വാർഷികത്തിന് ഭർത്താവ് മധുസൂദനൻ സമ്മാനച്ച ബുള്ളറ്റ് ബൈക്ക് ലഭിച്ചപ്പോൾ അനീഷയുടെ മനസ്സിലേക്ക് ഓടിക്കയറിയതാണ് കശ്മീർ യാത്ര എന്ന സ്വപ്നം. ബൈക്കിൽ കശ്മീരിലേക്കുള്ള യാത്രയ്ക്കു കൂട്ടായി മകൾ മധുരിമയുമുണ്ട്.

കാനായി നോർത്ത് യുപി സ്കൂൾ അധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകൾ പയ്യന്നൂർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി മധുരിമ. യാത്രകൾ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിനാണ് മധുസൂദനൻ ബൈക്ക് സമ്മാനിച്ചത്. അന്നേ മനസ്സിലുള്ളതാണ് കശ്മീർ യാത്ര. ആദ്യം പരീക്ഷണ ഓട്ടമായിരുന്നു മൈസൂരുവിലേക്ക്. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേർന്നു ഗൂഗിൾ മാപ്പിൽ കശ്മീരിലേക്കുള്ള റൂട്ട് പിടിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം യാത്ര മാറ്റി വയ്‌ക്കേണ്ടി വന്നു.

ആ യാത്രയാണ് 14ന് പെരുമ്പ ദേശീയ പാതയിൽ നിന്നു തുടങ്ങിയത്. ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ കോഓർഡിനേറ്റർ ടി.വി.വിനോദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദിവസം 200– 250 കിലോമീറ്ററാണ് യാത്ര. ഇരുവർക്കും പൂർണ പിന്തുണയുമായി മധുസൂദനനും മകൻ മധു കിരണുമുണ്ട്.